കോഴിക്കോട്: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം കാര്യക്ഷമമാക്കാനുള്ള തീരുമാനത്തിൽ ആരോഗ്യ വകുപ്പ്. 14 ലക്ഷം പേരാണ് സംസ്ഥാനത്ത് കോവിഡ് ബൂസ്റ്റർ ഡോസ് എടുത്തത്. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചിരുന്നത്. രണ്ടാം ഡോസ് എടുത്ത് ഒമ്പതു മാസം പൂർത്തിയായവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാം. എന്നാൽ, സംസ്ഥാനത്ത് 2.42 കോടി ജനം രണ്ടാം ഡോസ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം കുറവാണ്.
കോഴിക്കോട് ജില്ലയിൽ രണ്ടാം ഡോസ് എടുത്തവരിൽ 4.47 ശതമാനം പേർ മാത്രമാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളത്. 21,68,522 പേർ രണ്ടാം ഡോസ് പൂർത്തിയാക്കിയപ്പോൾ 96,891 പേർ മാത്രമാണ് മുൻകരുതലായി ബൂസ്റ്റർ ഡോസ് എടുത്തിട്ടുള്ളത്.
2022 ജനുവരി എട്ടു മുതലാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആളുകൾ തയാറായത്. എന്നാൽ, ജനുവരിയിൽ ഓരോ ആഴ്ചയിലും 10,000ത്തിനു മുകളിൽ ബൂസ്റ്റർ വാക്സിനേഷൻ രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് കുത്തനെ കുറഞ്ഞു.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസും 18 വയസ്സിന് താഴെയുള്ളവർക്കുള്ള ഡോസും കാര്യക്ഷമമാക്കാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്. 15 വയസ്സിന് മുകളിലുള്ളവർക്ക് ജനുവരി മുതൽ വാക്സിനേഷൻ ആരംഭിച്ചിരുന്നു. മാർച്ച് മുതലാണ് 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചത്. ഏപ്രിൽ 23 വരെയുള്ള കണക്കുപ്രകാരം 12-14 വയസ്സുള്ളവരിൽ 2827 പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. 15-17 വയസ്സിനിടയിലുള്ള 1,58,904 പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ സർക്കാർ തലത്തിൽ വാക്സിനേഷൻ സൗകര്യങ്ങൾ കുറവാണ്. ബൂസ്റ്റർ ഡോസുകൾ സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് പൂർത്തിയാക്കാനാണ് ആവശ്യപ്പെടുന്നത്. സർക്കാർ തലത്തിൽ ദിവസത്തിൽ ഒരിക്കൽ മാത്രമാണ് വാക്സിനേഷൻ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.