കൊച്ചി: 500 ഗ്രാം തൂക്കവുമായി പിറന്ന നവജാതശിശു കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നു മാസത്തെ ചികിത്സക്കുശേഷം ജീവിതത്തിലേക്ക്. കൂനമ്മാവ് സ്വദേശികളായ രേഷ്മ -ജോൺസൻ ഡാൽസേവിയർ ദമ്പതികൾക്കാണ് ഇരുപത്തിയേഴാം ആഴ്ചയിൽ 500 ഗ്രാം മാത്രം ഭാരമുള്ള പെൺകുട്ടി പിറന്നത്.
രക്തസമ്മർദം കൂടിയതിനെത്തുടർന്നാണ് ഇരുപത്തിയേഴാം ആഴ്ചയിൽ രേഷ്മ കുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ ആശുപത്രിയിൽനിന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച ശിശു ആശുപത്രി വിട്ടത് 1.5 കിലോ തൂക്കവുമായാണ്.
പൂർണമായും കോവിഡ് ആശുപത്രിയാക്കി കളമശ്ശേരി മെഡിക്കൽ കോളജിനെ മാറ്റിയപ്പോൾ ഗുരുതരാവസ്ഥയിൽ ആയിരുന്ന കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ കഴിയുമായിരുന്നില്ല. ശിശുരോഗ വിഭാഗം മേധാവി ഡോ. ഷിജി ജേക്കബ്, എൻ.ഐ.സി.യു ഇൻ ചാർജ് ഡോ.സിന്ധു സ്റ്റീഫൻ, മെഡിക്കൽ പി.ജി വിദ്യാർഥി ഡോ. ലക്ഷ്മി തുടങ്ങിയ ഡോക്ടർമാരുടെയും എൻ.ഐ.സി.യു ഹെഡ് നഴ്സ് ഫ്ലെക്സി, നഴ്സുമാരായ ധന്യ, ജിബി, മിനു അനീഷ തുടങ്ങിയരുടെയും സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്. ചികിത്സ പൂർണമായും സൗജന്യമായിരുന്നു.
ശ്വാസംമുട്ടലിനെ തുടർന്ന് മൂന്ന് ആഴ്ച കൃത്രിമ ശ്വസന സഹായിയും രണ്ട് ആഴ്ച ഓക്സിജനും നൽകേണ്ടി വന്നു. വിളർച്ച നേരിട്ട കുഞ്ഞിന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുകയും കുടലിനും വൃക്കക്കും അണുബാധ ഉണ്ടായതിനെത്തുടർന്ന് രണ്ടാഴ്ച പേരൈൻറൽ പോഷകാഹാരവുമാണ് നൽകിയതെന്ന് ഡോ.സിന്ധു സ്റ്റീഫൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.