അറസ്റ്റിലായ സുരേഷ്,  റൂമിൽനിന്ന് കണ്ടെടുത്ത പണം

സുരേഷ്‍കുമാറിന്റെ മുറിയിൽ കൂട്ടിയിട്ട് നോട്ടുകെട്ടുകൾ; അമ്പരന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരും നാട്ടുകാരും

മണ്ണാര്‍ക്കാട്: കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‍കുമാർ താമസിച്ചിരുന്ന മുറിയിലെ പണശേഖരം കണ്ട് ഉദ്യോഗസ്ഥരും നാട്ടുകാരും പകച്ചുപോയി. 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകൾ മുറിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു.

തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ ഒന്നര പതിറ്റാണ്ടായി മണ്ണാർക്കാട് താലൂക്കിലെ വിവിധ വില്ലേജുകളിലായാണ് ജോലി ചെയ്തിരുന്നത്. നഗരമധ്യത്തിൽ മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജി.ആര്‍. ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ ഒറ്റമുറിയിലാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഇയാള്‍ താമസിക്കുന്നത്. ലോഡ്ജിലെ സമീപമുറികളിൽ താമസിച്ചിരുന്നവരുമായി അടുപ്പമുണ്ടായിരുന്നില്ല.

ചൊവ്വാഴ്ച നടന്ന വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് അനധികൃതമായി പിടികൂടുന്ന ഏറ്റവും വലിയ സമ്പാദ്യമായിരുന്നു. നേരത്തെ അട്ടപ്പാടി പാടവയല്‍ വില്ലേജിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. 2009 മുതല്‍ 2022 വരെ മണ്ണാര്‍ക്കാടായിരുന്നു. ഏകദേശം ഒരുവര്‍ഷത്തോളമായി പാലക്കയം വില്ലേജിലാണ് ജോലി ചെയ്തുവരുന്നത്. ആരോടും അടുപ്പമില്ലാതെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായതിനാല്‍ മുറിയിൽനിന്ന് ഒരുകോടി ആറുലക്ഷം രൂപയുടെ സമ്പാദ്യം കണ്ടെത്തിയതാണ് ഏവരേയും അമ്പരപ്പിച്ചത്.

പൊടിയും മാറാലയുംപിടിച്ച് ആള്‍താമസമുണ്ടെന്ന് തന്നെ സംശയിക്കുന്ന മുറിയിലാണ് ഇത്രയും സമ്പാദ്യം സൂക്ഷിച്ചിരുന്നത്. മുറി വൃത്തിയാക്കുന്ന ശീലമുണ്ടായിരുന്നില്ല. റെയ്ഡ് വിവരമറിഞ്ഞ് കോംപ്ലക്‌സിന് താഴെയും വൻ ജനക്കൂട്ടമായിരുന്നു.

ചൊവ്വാഴ്ച രാവിലെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സുരേഷ്‌കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് താമസ സ്ഥലത്തുനിന്ന് അനധികൃതസമ്പാദ്യം എന്ന് സംശയിക്കുന്ന പണവും മറ്റു രേഖകളും കണ്ടെത്തിയത്. ഇയാളുടെ തിരുവനന്തപുരം ചിറയിന്‍കീഴിലെ വീട്ടിലും റെയ്ഡ് നടത്തുന്നതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് മണ്ണാര്‍ക്കാട്ടെ താമസസ്ഥലത്ത് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. മുറിയില്‍നിന്ന് 35 ലക്ഷം രൂപയുടെ കറന്‍സിയും 46 ലക്ഷം രൂപയുടെ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ രശീതിയും കണ്ടെത്തി. കൂടാതെ 17 കിലോഗ്രാം നാണയങ്ങളും 25 ലക്ഷം രൂപയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്കും കണ്ടെടുത്തു. റെയ്ഡില്‍ ആകെ 1,06,00,000 രൂപയുടെ പണവും നിക്ഷേപവുമാണ് കണ്ടെത്തിയതെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി ഷംസുദ്ദീന്‍ പറഞ്ഞു. റെയ്ഡ് രാത്രി 8.30നാണ് അവസാനിച്ചത്. അടുത്തുള്ള സ്ഥാപനങ്ങളിൽനിന്ന് പണം എണ്ണുന്ന മെഷീൻ എത്തിച്ചാണ് എണ്ണി തിട്ടപ്പെടുത്തിയത്.

പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഫിലിപ്പ്, ഫറോഖ്, എസ്.ഐമാരായ സുരേന്ദ്രന്‍, മനോജ്, പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, സതീഷ്, സനേഷ്, സന്തോഷ്, ബാലകൃഷ്ണന്‍, മനോജ്, ഉവൈസ്, മണ്ണാര്‍ക്കാട് സി.ഐ ബോബിന്‍ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Bribery case: Bundles of notes seized from Sureshkumar room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT