ആറ്റുകാല്‍ പൊങ്കാലയിലെ ചുടുകട്ടകള്‍ ലൈഫ് പദ്ധതിക്കായി ശേഖരിക്കും -മേയര്‍ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്ക് അടുപ്പ് നിർമാണത്തിനായി ഉപയോഗിക്കുന്ന ചുടുകട്ടകള്‍ വിവിധ ഭവനപദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ. നഗരസഭയല്ലാതെ മറ്റാരെങ്കിലും കട്ടകള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴയീടാക്കും. ലൈഫ് പദ്ധതിയിലടക്കം ഭവനനിര്‍മാണത്തിനായി കട്ടകള്‍ ഉപയോഗിക്കാനാണ് നഗരസഭയുടെ തീരുമാനമെന്ന് മേയര്‍ വ്യക്തമാക്കി.

പൊങ്കാല കഴിഞ്ഞ് കട്ടകള്‍ അവിടെ തന്നെ നിക്ഷേപിക്കണം. കട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വളണ്ടിയേഴ്‌സിനെ നിയോഗിക്കും. 14 തുറന്ന വാഹനങ്ങള്‍ ഇതിനായി ഏര്‍പ്പാട് ചെയ്യും. നല്ല ഉദ്ദേശത്തിന് വേണ്ടിയാണ് കട്ടകള്‍ ഉപയോഗിക്കുന്നതെന്നും ആറ്റുകാല്‍ പൊങ്കാല തയ്യാറെടുപ്പുകള്‍ അറിയിക്കാനായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ പറഞ്ഞു.

പൊങ്കാലയ്ക്ക് ശേഷം ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുന്‍കാലങ്ങളിലെപ്പോലെ പൊങ്കാല സമര്‍പ്പണം പൂര്‍ത്തിയായി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശുചീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. നഗരസഭയുടെ ശുചീകരണതൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും ശുചീകരണത്തിന് നേതൃത്വം നല്‍കും. നഗരസഭാ കരാറുകാര്‍, ലോറി ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍, ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍, കാറ്ററിങ് ഓണേഴ്‌സ് അസോസിയേഷന്‍, സര്‍വീസ് പ്രമോട്ടര്‍മാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരടക്കം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്നും ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

Tags:    
News Summary - bricks from attukal pongala will be used for life mission project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.