ഭക്ഷണസാധനങ്ങളുടെ പട്ടിക ആവശ്യപ്പെട്ട ബി.എസ്.എഫ് ജവാനെ തടവിലാക്കിയെന്ന് പരാതി

ആലപ്പുഴ: ലഭിക്കേണ്ട ഭക്ഷണസാധനങ്ങളുടെ പട്ടിക വിവരാവകാശ നിയപ്രകാരം ആവശ്യപ്പെട്ട ബി.എസ്.എഫ് ജവാനെ ജോലിസ്ഥലത്ത് തടവിലാക്കി പീഡിപ്പിക്കുന്നതായി പരാതി. ബി.എസ്.എഫിന്‍െറ ബംഗാളിലെ 28 ബറ്റാലിയനില്‍ ജോലി ചെയ്യുന്ന ആര്യാട് ഇട്ടിയവെളി തോമസിന്‍െറ മകന്‍ ഷിബിന്‍ തോമസാണ് അവിടെ തടവില്‍ കഴിയുന്നത്. 

സൈനികര്‍ക്കുള്ള ഭക്ഷണവിഭവങ്ങളുടെ പട്ടിക ഒരുവര്‍ഷം മുമ്പാണ് ഷിബിന്‍ തോമസ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. ഇതോടെ 14 വര്‍ഷം സര്‍വിസുള്ള ജവാനെ ഒരുവര്‍ഷം മുമ്പ് പിരിച്ചുവിടുകയായിരുന്നു. പ്രതികാര നടപടി ചൂണ്ടിക്കാട്ടി ഷിബിന്‍െറ ഭാര്യ സോഫി പ്രധാനമന്ത്രിക്ക് അടക്കം പരാതി നല്‍കി. കോടതിയെയും സമീപിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഷിബിനെ തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചു. 11 മാസത്തിനുശേഷം സര്‍വിസില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ മുതല്‍ വീണ്ടും പ്രതികാര സമീപനം ഉണ്ടായിരുന്നുവെന്ന് പിതാവ് തോമസ് പറഞ്ഞു. മേലുദ്യോഗസ്ഥര്‍ ഭക്ഷ്യവസ്തുക്കള്‍ മറിച്ചുവില്‍ക്കുന്നതിനെതിരെ ഷിബിന്‍ സംസാരിച്ചതാണ് പ്രകോപിപ്പിച്ചതെന്നും തോമസ് പറഞ്ഞു. കുടിവെള്ളംപോലും വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്.

ജോലിസ്ഥലത്ത് പ്രാഥമിക ആവശ്യത്തിനുപോലും സൗകര്യമില്ല. ജോലിയില്‍ തിരികെ പ്രവേശിച്ച ശേഷവും ഷിബിനെതിരെ പരാതി അന്വേഷിക്കാന്‍ മേലുദ്യോഗസ്ഥര്‍ ഒരു ഡെപ്യൂട്ടി കമാന്‍ഡന്‍റിനെ നിയോഗിച്ചു. ആദ്യം ഇദ്ദേഹം ഒരു വെള്ള പേപ്പറില്‍ ഒപ്പിട്ടുകൊടുക്കാന്‍ പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ വെടിവെച്ചുകൊല്ലാനും മടിക്കില്ളെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ഒരു റിപ്പോര്‍ട്ട് കാണിച്ച് അതില്‍ ഒപ്പിടാന്‍ പറഞ്ഞു. വായിക്കാതെ ഒപ്പിടില്ളെന്ന് പറഞ്ഞതിന്‍െറ പേരിലാണ് ഇപ്പോഴത്തെ പീഡനം. കഴിഞ്ഞ രണ്ടുദിവസമായി ഷിബിനെ ഫോണില്‍ ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് വീണ്ടും പ്രധാനമന്ത്രിയുടെ ഓഫിസില്‍ പരാതിപ്പെടുകയും സംഭവം വാര്‍ത്തയാവുകയും ചെയ്തതോടെ ചൊവ്വാഴ്ച വൈകുന്നേരം ആറോടെ രണ്ടു മിനിറ്റ് നേരത്തേക്ക് ഷിബിനെ വീട്ടുകാരുമായി സംസാരിക്കാന്‍ അനുവദിച്ചു. എന്നാല്‍, കാര്യങ്ങള്‍ പറയുന്നതിന് മുമ്പുതന്നെ ഒപ്പമുണ്ടായിരുന്നവര്‍ ഫോണ്‍ പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് പിതാവ് തോമസ് പറഞ്ഞു. 

Tags:    
News Summary - bsf jawan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.