സി.എ.എ: ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ അജണ്ട -ഇ.പി. ജയരാജൻ

കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങൾ പ്രഖ്യാപിച്ചത് മതധ്രുവീകരണം സൃഷ്ടിച്ചെടുക്കാനാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. 2014 ഡിസംബർ 31ന് മുമ്പ് അയൽ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന മുസ്ലിംകൾ ഒഴികെയുള്ള എല്ലാ മതസ്ഥർക്കും പൗരത്വം അനുവദിച്ചു കൊടുക്കുന്നതാണ് ഈ നിയമം. മുസ്ലിംകൾക്ക് പൗരത്വം അനുവദിച്ചുകൊടുക്കുന്നതല്ല. ഒരു മതവിഭാഗത്തിന് മാത്രം അവകാശം നിഷേധിക്കുക എന്ന് വന്നാൽ അത് മതധ്രുവീകരണമാണെന്ന് വ്യക്തമാണ്. രാജ്യത്തിന്‍റെ മതസൗഹാർദം തകർത്ത്, പണ്ട് ഗുജറാത്തിലെന്ന പോലെ വർഗീയ സംഘർഷങ്ങളിലൂടെ വോട്ട് ബാങ്ക് സൃഷ്ടിച്ചെടുത്ത് രാജ്യാധികാരം പിടിക്കാം എന്ന ലക്ഷ്യത്തോടെയാണ് സി.എ.എ ചട്ടങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

2019ൽ പാസ്സാക്കിയ ബില്ലിലാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി വോട്ടർപട്ടികയിൽ തന്നെ ഭരണകക്ഷിക്ക് അനധികൃതമായി വോട്ടർമാരെ ചേർക്കാൻ കഴിയും. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളും ബംഗ്ലാദേശ് അതിർത്തി മേഖലകളുമെല്ലാം അതീവ ജാഗ്രതയിലാണ്. ഇത്തരമൊരു സാഹചര്യം എന്തിന് സൃഷ്ടിച്ചു. അത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും അജണ്ടയാണ്. ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ അജണ്ടയാണ്.

ഭരണഘടന ഉയർത്തിപ്പിടിച്ച അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് നിയമനിർമാണത്തിലൂടെ നടന്നിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതിയിൽ പോയത് കേരള സർക്കാറാണ്. മതനിരപേക്ഷ ജനാധിപത്യ വാദികൾ ഇടതുപക്ഷവും കേരളവും സ്വീകരിച്ച നിലപാടിന് കരുത്തും പിന്തുണയും നൽകേണ്ടതുണ്ട്.

തീവ്രഹിന്ദുത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത് ഇന്ത്യയുടെ മതേതരത്വത്തിനെയും നിലനിൽപ്പിനെയും അപകടപ്പെടുത്തും. അതുകൊണ്ട് ഒരു തെരഞ്ഞെടുപ്പിന് മുമ്പിൽ ഇന്ത്യൻ ജനത കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് -ഇ.പി. ജയരാജൻ പറഞ്ഞു. 

Tags:    
News Summary - CAA: Agenda of Communal Fascist Forces to Build Hindu Rashtra -EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.