തലശ്ശേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ: എ.എൻ.പി. ഉമ്മർ കുട്ടി അന്തരിച്ചു. തലശ്ശേരി അച്ചാരത്ത് റോഡിലെ വസതിയിലായിരുന്നു അന്ത്യം. അസുഖം മൂലം വിശ്രമത്തിലായിരുന്നു.
അധികമാരും കടന്നുചെല്ലാത്ത ജൈവ - സമുദ്രശാസ്ത്ര ഗവേഷണ മേഖലയില്‍ തന്‍റേതായ സംഭാവനകളര്‍പ്പിച്ച ഡോ: എ.എൻ.പി. ഉമ്മർ കുട്ടി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നു. നിരവധി പുസ്തകങ്ങളുടെയും സമുദ്ര ശാസ്ത്ര വിഷയങ്ങളില്‍ മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമായി അനേകം ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
1933 ഡിസംബറില്‍ തലശ്ശേരിയില്‍ എ.എൻ.പി. ഉമ്മർ കുട്ടി ജനിച്ചു. ബി.ഇ.എം.പി ഹൈസ്‌കൂള്‍, ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളജ്, മദ്രാസ് പ്രസിഡന്‍സി കോളജ്, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മറൈന്‍ ബയോളജിയില്‍ ഡോക്ടറേറ്റ് എടുത്തു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ട് മണ്ഡപം തമിഴ്‌നാട്, ഓഷ്യാനോഗ്രഫിക് ലബോറട്ടറി എറണാകുളം, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ കൊച്ചി കേന്ദ്രം, കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
1968 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രകൃതി ശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍. 1975-1991 കാലത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. 1992-96 കാലത്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. യു.ജി.സി റിവ്യു കമ്മിറ്റി ചെയര്‍മാന്‍, വി.സി. നിയമന പാനലിലെ യു.ജി.സി നോമിനി, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി വിദഗ്ധ സമിതി, കേരള -എം.ജി യൂനിവേഴ്‌സിറ്റി അക്കാദമി കൗണ്‍സില്‍, മുഖ്യമന്ത്രി ചെയര്‍മാനായുള്ള ഔദ്യോഗിക ഭാഷാ സമിതി, സാംസ്‌കാരിക മന്ത്രി ചെയര്‍മാനായ ഉപദേശക സമിതി, ഗ്രന്ഥശാലാ സംഘം ഭരണ സമിതി, പബ്ലിക് ലൈബ്രറി കമ്മിറ്റി തുടങ്ങിയവയില്‍ അംഗം, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിജ്ഞാന കൈരളി മാസിക ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.
കടലിനെ കണ്ടെത്തല്‍, ഇന്ത്യ സമുദ്രം, പരിണാമം, കോണ്‍തികി പര്യടനം, കടലിന്‍റെ കഥ, ശാസ്ത്ര സ്വാധീനം മലയാളത്തില്‍, സയന്‍സ് ഓഫ് ഓഷ്യന്‍സ്, ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഓഷ്യാനോഗ്രഫി തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. സയന്‍സ് ഓഫ് ഓഷ്യന്‍സ് ആറ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. അബുല്‍ കലാം ആസാദ് രചിച്ച തര്‍ജുമാനുല്‍ ഖുര്‍ആന്‍റെ ഫാതിഹ അധ്യായത്തിന്‍റെ വ്യാഖ്യാനം, അല്ലാമാ ഇഖ്ബാലിന്‍റെ മതചിന്തകളുടെ പുനഃസംവിധാനം ഇസ്‌ലാമില്‍, ലാരി കോളിന്‍സും ഡോമനിക് ലാപിയറും ചേര്‍ന്ന് എഴുതിയ മൗണ്ട് ബാറ്റണും ഇന്ത്യ വിഭജനവും, മുന്‍ ഉപരാഷ്ട്രപതിയും ചീഫ് ജസ്റ്റിസുമായ ഹിദായത്തുല്ലയുടെ ആത്മകഥ മൈ ഓണ്‍ ബോസ്‌വെല്‍, മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ ശ്രീരാജ് മോഹന്‍ ഗാന്ധിയുടെ ഡിസ്‌കവറിങ് മുസ്‌ലിം മൈന്‍ഡ്, ഇന്ത്യയിലെ ആദ്യ മുസ്‌ലിം ഹോം സെക്രട്ടറി എച്ച്.എം.എസ് ബര്‍ണിയുടെ പാട്രിയോട്ടിസം ഓഫ് ഇഖ്ബാല്‍ തുടങ്ങിയ കൃതികള്‍ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
കടലിന്‍റെ കഥക്ക് കേരള സർക്കാറിന്‍റെയും കടലിനെ കണ്ടെത്തലിന് സാഹിത്യ അക്കാദമിയുടെയും ക്യാഷ് അവാര്‍ഡും കടലിന്‍റെ കഥക്ക് സ്വദേശി ശാസ്ത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.