കോഴിക്കോട്: കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈകോടതി റദ്ദാക്കിയതോടെ കാലിക്കറ്റ് സർവകലാശാല അധികൃതർക്കും നെഞ്ചിടിപ്പ്.
കേരളയിൽ വിവിധ പഠന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കി സംവരണ തസ്തികകൾ നിശ്ചയിച്ചതാണ് ഹൈകോടതിയെ ചൊടിപ്പിച്ചത്.
ഇങ്ങനെ നിയമനം നൽകിയ നടപടി ഭരണഘടനവിരുദ്ധമാണെന്ന വാദമാണ് കോടതി അംഗീകരിച്ചത്. ജസ്റ്റിസ് അമിത് റാവലിെൻറ ഉത്തരവ് കാലിക്കറ്റിലെ അസി. പ്രഫസർ നിയമനങ്ങളെയും ബാധിച്ചേക്കും. വ്യത്യസത പഠന വകുപ്പുകളിൽ സംവരണം കണക്കാക്കാതെ ഒറ്റ യൂനിറ്റായാണ് കാലിക്കറ്റിൽ അടുത്തിടെ 47 അധ്യാപകരെ നിയമിച്ചത്.
സംവരണ അട്ടിമറിയടക്കമുള്ള ആരോപണങ്ങളും ശക്തമായിരുന്നു. ഇടതുപക്ഷ സിൻഡിക്കേറ്റിനും നേതാക്കൾക്കും താൽപര്യമുള്ളവരാണ് നിയമനം ലഭിച്ചവരിൽ ഭൂരിപക്ഷവുമെന്നായിരുന്നു ആരോപണം.
നേരത്തേ കണ്ടുവെച്ചവരുടെ സമുദായം നോക്കി ഓരോ പഠന വകുപ്പിലും സംവരണ, ജനറൽ വിഭാഗങ്ങളെ തീരുമാനിച്ചെന്നും ആക്ഷേപമുണ്ടായിരുന്നു. കാലിക്കറ്റിൽ അധ്യാപക നിയമനങ്ങൾക്ക് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചപ്പോൾ സംവരണ സീറ്റുകൾ ഏതെന്ന് വ്യക്തമായിരുന്നില്ല. മുമ്പുണ്ടായിരുന്ന ഹൈകോടതി വിധിയാണ് ഇതിന് കാരണമായി പറഞ്ഞത്. ഈ വിധി റദ്ദാക്കാൻ അപ്പീൽ നൽകിയതുമില്ല.
കാലിക്കറ്റിലെ നിയമനവുമായി ബന്ധപ്പെട്ട നിരവധി ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലുണ്ട്. കേരളയിലെ വിധി ഈ ഹരജികളെയും ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.