തിരുവല്ല: കുറ്റൂരിലെ തെങ്ങേലിയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അടക്കം 30 പേർക്കെതിരെ കേസ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. സഞ്ജുവടക്കം 30 പേർക്കെതിരെയാണ് വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നത്.
തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണന്‍റെ (71) വീട് ആക്രമിക്കുകയും വെട്ടുകയും ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. സഞ്ജുവിന്റെ നേതൃത്വത്തിൽ ഇരുപതോളം സി.പി.എം പ്രവർത്തകർ ചേർന്ന് ബോംബെറിഞ്ഞ ശേഷം ജെ.സി.ബി ഉപയോഗിച്ച് വീടിന്‍റെ മതിൽ പൊളിക്കുകയും തടയുന്നതിനിടെയാണ് രമണനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്നുമാണ് കേസ്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ജീപ്പിലും കാറിലുമായി എത്തിയ സംഘം രമണന്‍റെ വീട്ടുമുറ്റത്തേക്ക് ബോംബ് എറിയുകയായിരുന്നു. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് മതിൽ പൊളിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രമണന് വെട്ടേറ്റത്. ഇടതു കൈക്ക് വെട്ടേറ്റ ഇദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്‍റെ വീടിന് പിന്നിലുള്ള ആറ് വീട്ടുകാർക്ക് വേണ്ടി രമണന്‍റെ സ്ഥലത്തുകൂടി നാലടി വഴി നൽകിയിരുന്നു. ഇതിന് ശേഷം ബാക്കിയുള്ള ഭൂമി മതിൽ കെട്ടി തിരിച്ചു. ഈ മതിലാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം ജെ.സി.ബിയുമായി എത്തി പൊളിച്ചത്. എന്നാൽ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നാണ് സഞ്ജു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.