കണ്ണൂർ: പയ്യന്നൂരിലെ ക്ഷേത്രത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ജാതിവിവേചനം നേരിട്ട സംഭവത്തിൽ സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ നടപടികൾ ഒഴിവാക്കി. പട്ടികജാതി വികസന വകുപ്പിനോടും ദേവസ്വം ബോർഡിനോടും വിശദീകരണം തേടാൻ തീരുമാനിച്ചതിനു പിന്നാലെയാണ് കമീഷൻ നടപടികൾ വേണ്ടെന്നുവെച്ചത്. സംഭവത്തിൽ പരാതിയില്ലെന്ന മന്ത്രിയുടെ പരാമർശത്തെ തുടർന്നാണ് കമീഷന്റെ പിന്മാറ്റം. ഇതോടെ, സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ജാതിവിവേചനം നേരിട്ട സംഭവം പരാതിയില്ലാതെ പരിഭവം മാത്രമായി മാറി.
പയ്യന്നൂരിലെ ശ്രീ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ ദേവസ്വം മന്ത്രിക്ക് ജാതിവിവേചനം നേരിട്ടുവെന്ന വാർത്തകൾ വന്നയുടൻതന്നെ കമീഷൻ വിഷയത്തിലിടപെട്ടു. വകുപ്പുകളിൽനിന്ന് വിശദീകരണം തേടി തുടർനടപടികളെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീടാണ് മന്ത്രിയുടെ നിലപാട് നോക്കി നടപടികൾ മരവിപ്പിച്ചത്. ജാതിവിവേചനത്തിൽ നിയമനടപടികളിലേക്കു കടക്കുന്നില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയതോടെ വിശദീകരണം ചോദിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് പട്ടികജാതി-വർഗ കമീഷൻ അംഗം എസ്. അജയകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജാതിവിവേചനം ഉൾപ്പെടെയുള്ള കാര്യത്തിൽ സ്വമേധയാ കേസെടുക്കുകയാണ് കമീഷന്റെ ഇതുവരെയുള്ള പതിവ്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് മുമ്പെല്ലാം ഇടപെട്ടത്. സംസ്ഥാനത്തെ ഒരു മന്ത്രി ജാതിവിവേചനം നേരിട്ടത് ദേശീയമാധ്യമങ്ങൾ വരെ ചർച്ചയാക്കിയിട്ടും നടപടിയില്ലെന്നാണ് സാമൂഹിക പ്രവർത്തകരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.