കൊച്ചി: പി.വി. അൻവർ എം.എൽ.എ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ അച്ചടക്ക നടപടി നേരിടുന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ എസ്. സുജിത്ദാസിനെതിരെ വ്യാജ ലഹരിക്കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി.
2018ൽ ആറ് യുവാക്കളെ ലഹരിമരുന്നു കേസിൽ കുടുക്കിയെന്നും ക്രൂരമായി മർദിച്ചുവെന്നുമാരോപിച്ച് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഒന്നാം പ്രതി സുനിൽകുമാറിന്റെ ഭാര്യ രേഷ്മ നൽകിയ ഹരജിയാണ് ജസ്റ്റിസ് കെ. ബാബു തള്ളിയത്. ഹരജിക്കാരിക്ക് തന്റെ വാദം തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
മദ്യപിച്ച് വാഹനമോടിച്ചതിനാണ് 2018 ഫെബ്രുവരി 26ന് ആലുവ എടത്തല പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ സ്റ്റേഷനിലെത്തിച്ചയുടൻ അന്ന് നർക്കോട്ടിക്സ് സെൽ എ.എസ്.പിയായിരുന്ന സുജിത്ദാസ് അവിടെയെത്തി പ്രതികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി ക്രൂരമായി മർദിച്ചെന്ന് ഹരജിയിൽ ആരോപിച്ചു. എന്നാൽ, ശരിയായ രീതിയിലാണ് നിലവിലെ അന്വേഷണം നടക്കുന്നതെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥന് അന്വേഷണത്തിൽ പങ്കില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.