കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചവരുടെ രക്തബന്ധുക്കൾപോലും സംസ്കാരത്തിന് ശ്മശാനത്തിലെത്താൻ ഭയക്കുമ്പോൾ, പേടിയേതുമില്ലാതെ ഉറച്ച മനസ്സുമായി ഈ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നൊരു സ്ത്രീയുണ്ടിവിടെ. കാക്കനാട് അത്താണിയിെല തൃക്കാക്കര നഗരസഭ ശ്മശാനത്തിെൻറ നടത്തിപ്പുകാരിയായ സെലിൻ മൈക്കിൾ എന്ന 57കാരി. കോവിഡ് പ്രതിരോധത്തിനായി പ്രായമായവർ പുറത്തിറങ്ങരുതെന്ന് അധികൃതർ പറയുമ്പോൾ, അതിജീവനത്തിന് ശ്മശാനത്തിലേക്കിറങ്ങിയേ പറ്റൂ ഇവർക്ക്. കോവിഡ് മഹാമാരി മൂലം നിത്യേന മരണസംഖ്യ ഉയരുമ്പോൾ കാക്കനാട്ടെയും പരിസരത്തെയും മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സെലിനാണ്. രണ്ടാഴ്ചക്കുള്ളിൽ കോവിഡ് ബാധിച്ച 25 പേർക്ക് അവർ ചിതയൊരുക്കി. ബുധനാഴ്ച മാത്രം രണ്ട് മൃതദേഹങ്ങളാണ് കോവിഡ് ബാധിച്ച് മരിച്ചവരുടേതായി ദഹിപ്പിച്ചത്. രണ്ട് സാധാരണ മരണങ്ങളുമുണ്ടായിരുന്നു.
മറ്റെല്ലാവരും കോവിഡിനെ പേടിച്ച് മൃതദേഹങ്ങൾ കാണാൻപോലും മടിക്കുമ്പോഴും തനിക്ക് ഒരിക്കലും ഭയം തോന്നിയിട്ടില്ലെന്ന് ഒന്നര പതിറ്റാണ്ടോളമായി ശ്മശാനം നടത്തിപ്പുകാരിയായ സെലിൻ പറയുന്നു. സാധാരണഗതിയിൽ മരിച്ചവരെ ദഹിപ്പിക്കാൻ 1500 രൂപയാണ് കിട്ടുന്നത്. കോവിഡ് ബാധിതരുടെ സംസ്കാരത്തിന് 3000 രൂപ കിട്ടും. 550 രൂപ നഗരസഭയിൽ അടക്കണം, പിന്നെ വിറകിെൻറ ചെലവും മറ്റും കഴിച്ച് ചെറിയൊരു തുകയാണ് സെലിെൻറ കൈയിൽ കിട്ടുന്നത്. കോവിഡ് ബാധിതരെ ദഹിപ്പിക്കാനെത്തിക്കുന്നവർ നൽകുന്ന പി.പി.ഇ കിറ്റുമണിഞ്ഞാണ് പ്രക്രിയ പൂർത്തിയാക്കുന്നത്. എല്ലാം കഴിഞ്ഞ് കുളിച്ച് ശരീരം ശുദ്ധിയാക്കിേയ വീട്ടിൽ കയറൂ. ശ്മശാനത്തിൽ നിന്ന് നോക്കിയാൽ കാണുന്നിടത്താണ് വീടും.
സാധാരണ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ രണ്ട്-രണ്ടര മണിക്കൂർ മതിയെങ്കിൽ കോവിഡിനൊപ്പം മറ്റുരോഗങ്ങളും ബാധിച്ച് മരിച്ചവരുടേതാണെങ്കിൽ മൂന്നോ നാലോ മണിക്കൂറെടുക്കും. ശരീരത്തിൽ പലതരം മരുന്നുകളുടെ അംശമുള്ളതിനാലാണ് ഇതെന്നും സെലിൻ പറയുന്നു.
14 വർഷത്തിനിടെ അയ്യായിരത്തിലേറെ മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. 25 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയ സെലിൻ രണ്ട് പെൺമക്കളെ പോറ്റാൻ കൂലിപ്പണിക്കിറങ്ങി. പിന്നാലെയാണ് തൊട്ടടുത്ത ശ്മശാനത്തിെൻറ ്നടത്തിപ്പിലേക്കെത്തുന്നത്. വീടുവെച്ചതും മറ്റുമായി ബാധ്യതകളേറെയുണ്ട്. ജീവിതാവസാനം വരെ ഈ ശ്മശാനത്തിൽ ചിതയൊരുക്കി കഴിയാനാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.