സിൽവർലൈൻ സ്ഥലമെടുപ്പ്​ നിർത്തണമെന്ന് ​കേന്ദ്രം; അലൈൻമെന്‍റിന്​ അനുമതിയില്ല

കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ നിലവിലെ അലൈൻമെന്റിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പദ്ധതിക്ക്​ ഭൂമി ഏറ്റെടുക്കാനുള്ള നടപടി നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. പദ്ധതിയുടെ ഡി.പി.ആറിൽ (വിശദ പദ്ധതിരേഖ) കൂടുതൽ പരിശോധന ആവശ്യമാണ്​. ഡി.പി.ആർ സംബന്ധിച്ച്​ സംസ്ഥാന സർക്കാറിൽനിന്ന്​ കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

കെ-റെയിലിന്‍റെ സർവേ നടപടികൾ തടഞ്ഞ സിംഗിൾബെഞ്ചിന്‍റെ ഇടക്കാല ഉത്തരവിനെതിരായ സർക്കാറിന്‍റെ അപ്പീലിലാണ്​ കേന്ദ്ര സർക്കാറിന്‍റെ വിശദീകരണവും കോടതിയുടെ നിരീക്ഷണവും​. വാദം പൂർത്തിയായതിനെ തുടർന്ന്​ അപ്പീൽ ഹരജി വിധിപറയാൻ മാറ്റി. അ​തേസമയം, സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി സർവേ ആൻഡ്​ ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്തുന്നതിൽ തെറ്റെ​ന്താണെന്ന്​ ചീഫ്​ ജസ്റ്റിസ്​ അടങ്ങുന്ന ഡിവിഷൻബെഞ്ച്​ വാക്കാൽ ആരാഞ്ഞു.

പദ്ധതിക്ക്​ വേണ്ടി പ്രാഥമിക നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാറിന്റെ തത്ത്വത്തിലുള്ള അംഗീകാരമുണ്ടെന്നാണ്​ സംസ്ഥാന സർക്കാറിന്‍റെ വാദം. എന്നാൽ, ഡി.പി.ആർ അംഗീകരിക്കാൻ ഒട്ടേറെ നടപടിക്രമങ്ങളുള്ളതായി കേന്ദ്രത്തിനായി അസി. സോളിസിറ്റർ നൽകിയ വിശദീകരണത്തിൽ പറയുന്നു. ഡി.പി.ആറിന് ആദ്യം റെയിൽവേ ബോർഡിന്റെ അംഗീകാരം വേണം. ശേഷം നീതി ആയോഗിന്റെ അംഗീകാരത്തിന് വിടുകയും ധനകാര്യ മന്ത്രാലയം, പ്ലാനിങ് ആൻഡ്​ ഇംപ്ലിമെന്റേഷൻ മന്ത്രാലയം, റെയിൽവേ ബോർഡ്​, നീതി ആയോഗ് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട ബോർഡിന്‍റെ അംഗീകാരം ലഭിക്കണം. റെയിൽവേ മന്ത്രിയുടെ അംഗീകാരത്തോടെ ഇത്​ ധനകാര്യ മന്ത്രിക്ക്​ കൈമാറും. പിന്നീട്​ മന്ത്രിസഭ സമിതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ പദ്ധതി കേന്ദ്ര സർക്കാർ അംഗീകരിച്ചുവെന്ന് പറയാൻ കഴിയൂ.

63,941 കോടി ചെലവിട്ട് പദ്ധതി നടപ്പാക്കുന്നത്​ സാമ്പത്തികമായി ലാഭകരമാണോയെന്നതും തർക്കവിഷയമാണ്. കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി ചേർന്നുള്ള പദ്ധതിയായതിനാൽ 33,700 കോടി രൂപയുടെ കടം റെയിൽവേയുടെ ചുമലിൽ വരുമെന്നാണ് കരുതുന്നത്. ഡി.പി.ആർ ഇതുവരെ റെയിൽവേ അംഗീകരിക്കാത്തതിനാൽ റെയിൽവേയുടെ ഭൂമിയിൽ സർവേ കല്ലുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ല. ഇക്കാര്യം കഴിഞ്ഞ സെപ്​റ്റംബറിൽ കെ - റെയിൽ അധികൃതരെ അറിയിച്ചിരുന്നു. സിൽവർ ലൈൻ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷൻ വികസനത്തിന് തടസ്സമാണ്. ഒട്ടേറെ മതസ്ഥാപനങ്ങൾ തകർക്കേണ്ടി വരുമെന്നും കേന്ദ്രം നൽകിയ റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഇപ്പോൾ നടക്കുന്നത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്​ഷൻ നാല് അനുസരിച്ചുള്ള സാമൂഹികാഘാത പഠനവും ഇതിന്​ വേണ്ടി ചട്ടപ്രകാരമുള്ള സർവേയുമാണെന്ന്​ സംസ്ഥാന സർക്കാറിന്​ വേണ്ടി അഡ്വക്കറ്റ്​ ജനറൽ അറിയിച്ചു. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമെ സാധ്യമാകു. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ 11, 12 വകുപ്പുകൾ പ്രകാരം സർവേ സാധ്യമാകണമെങ്കിൽ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിക്കണം. ഇപ്പോൾ നടക്കുന്ന പ്രാഥമിക പ്രവർത്തനങ്ങൾക്കും ഇത് പ്രകാരം ഭൂമി ഏറ്റെടുക്കാനും ​ കേന്ദ്ര സർക്കാറിന്റെ അനുമതിയുമുണ്ടെന്നും സർക്കാർ വ്യക്​തമാക്കി. ഈ ഘട്ടത്തിലാണ്​ നിലവിലെ സർവേക്ക്​ നിയമപരമായി തെറ്റെന്തെന്ന്​ കോടതി ആരാഞ്ഞത്​.

Tags:    
News Summary - Center says in Kerala High Court to halt land acquisition for Silverline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.