ഫോട്ടോ: പി. അഭിജിത്ത്

ജനങ്ങൾക്ക് നൽകുന്ന അരി മുടക്കാൻ പ്രതിപക്ഷ നേതാവ് ഇറങ്ങിപുറപ്പെട്ടുവെന്ന് പിണറായി വിജയൻ

കൊച്ചി: ജനങ്ങൾക്ക് കൊടുക്കുന്ന അരി മുടക്കാൻ ആണ് പ്രതിപക്ഷനേതാവ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ കുട്ടികളുടെ ഭക്ഷ്യ വിതരണം, വിഷു കിറ്റ്, ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ വിതരണം എന്നിവ ഏപ്രിൽ ആറു വരെ നിർത്തിവെക്കണം എന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു.

സർക്കാർ ഇതൊക്കെ ചെയുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടല്ല. വിഷു മാത്രമല്ല ഈസ്റ്റർ കൂടി വരുന്നുണ്ട്. അത് മുന്നിൽ കണ്ടാണ് കിറ്റ് നേരത്തെ കൊടുക്കുന്നത്. കിറ്റ് കൊടുത്താൽ ജനങ്ങൾ സ്വാധീനിക്കപ്പെടും എന്ന് പറയുന്നത് ജനങ്ങളെ താഴ്ത്തി കെട്ടൽ ആണ്. കിറ്റും പെൻഷനും അരിയും മുടക്കി ആ വിശ്വാസം മുടക്കാം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പര്യടത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യു.ഡി.എഫിന്‍റേത് ആരാച്ചാരുടെ പണിയാണ്. പ്രതിപക്ഷം തുറന്നിട്ട വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ അകത്തുകയറിയത്. കഴിഞ്ഞ ദിവസം കിഫ്ബിയിൽ നടത്തിയ റെയ്ഡ് എല്ലാ അതിരുകളും ലംഘിച്ചു. കേന്ദ്ര ഏജൻസികളുടെ നടപടി ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതാണ്. മിന്നൽ പരിശോധനയും മണിക്കൂറുകൾ നീളുന്ന പരിശോധനയും എന്തിനുവേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

സാധാരണ ഒരു കടലാസ് അടച്ചാൽ ലഭ്യമാകുന്ന രേഖകൾ ആണ് കിഫ്‌ബിക്കുള്ളത്. കോൺഗ്രസിനും യു.ഡി.എഫിനും ആർ.എസ്.എസിനും കിഫ്‌ബിക്കെതിരെ ഒരേ വികാരമാണ്. ജനങ്ങൾക്ക് പ്രയോജനമാകുന്ന ഒന്നും ഉണ്ടാകരുത് എന്നാണ് അവരുടെ ആഗ്രഹം. കേരളത്തെ നശിപ്പിച്ചേ അടങ്ങു എന്ന സംഘപരിവാറിന്‍റെ ആഗ്രഹത്തിന് യു.ഡി.എഫ് വാദ്യം പാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ന് മുൻപ് അഴിമതി നടമാടുന്ന സംസ്ഥാനം എന്ന ദുഷ്‌പേര് ഉണ്ടായിരുന്നു. ഇന്ന് രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം ആയി കേരളം. പാലാരിവട്ടം പാലത്തിന്‍റെ ദുർഗതി രോഷത്തോടെ ആണ് ജനങ്ങൾ കണ്ടത്. അഴിമതിയുടെ കാലം അവസാനിച്ചു. എല്ലാ തലങ്ങളിലും അഴിമതി ഇല്ലാതായി എന്ന് പറയാറായിട്ടില്ല. അതിനായി എല്ലാ നടപടികളും സ്വീകരിക്കും. 

Tags:    
News Summary - Central agencies entered through the door opened by the Opposition: Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.