തിരുവനന്തപുരം: പൊതുവിപണിയിൽ അരിവില വർധനക്കും സ്വകാര്യ കുത്തകകളുടെ അവിഹിത ഇടപെടലിനും വഴിയൊരുക്കി ഓപൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ (ഒ.എം.എസ്.എസ്) നിന്ന് സംസ്ഥാന സര്‍ക്കാറുകളെയും സര്‍ക്കാര്‍ ഏജന്‍സികളെയും കേന്ദ്രസർക്കാർ പുറത്താക്കി. ഇനി മുതൽ ഒ.എം.എസ്.എസ് വഴി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പക്കലുള്ള അരിയുടെയും ഗോതമ്പിന്റെയും അധിക സ്റ്റോക്ക് വാങ്ങാനുള്ള അർഹത സ്വകാര്യ ഏജന്‍സികൾക്കും വ്യക്തികള്ക്കുമായിരിക്കും. ഈ നടപടി കൂടുതൽ ബാധിക്കുക ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനെയാകും.
പൊതുവിപണിയില്‍ ഭക്ഷ്യധാന്യ ലഭ്യത ഉറപ്പു വരുത്തുന്നതിനും എഫ്.സി.ഐയുടെ പക്കലുള്ള അരിയുടെയും ഗോതമ്പിന്റെയും അധിക സ്റ്റോക്ക് വില്പന നടത്തുന്നതിനും വേണ്ടിയാണ് ഒ.എം.എസ്.എസ് നടപ്പാക്കിയത്. പദ്ധതി പ്രകാരം സർക്കാർ, സർക്കാർ ഏജൻസികൾ, സ്വകാര്യ ഏജന്‍സികൾ, വ്യക്തികള്‍ എന്നിവര്‍ക്ക് ഇ-ലേലത്തിൽ പങ്കെടുത്ത് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാൻ അവസരമുണ്ടായിരുന്നു. ഭക്ഷ്യധാന്യങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്ര ഭക്ഷ്യ മന്ത്രാലയമാണ്. പദ്ധതി വഴി അരി കിലോക്ക് 29 രൂപ നിരക്കിലും ഫോർട്ടിഫൈഡ് അരി 29.23 രൂപക്കും ഗോതമ്പ് കിലോക്ക് 21.50 രൂപക്കുമാണ് ലഭിക്കുക.
കേരളത്തിൽ സംസ്ഥാന സർക്കാറിനുവേണ്ടി സപ്ലൈകോയായിരുന്നു ഇ-ലേലത്തിൽ പങ്കെടുക്കാറ്. സാധാരണ വലിയ മത്സരമുണ്ടാകാത്തതിനാൽ അടിസ്ഥാന വിലയ്ക്ക് തന്നെ ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നത് സർക്കാറിന് ആശ്വാസമായിരുന്നു. പൊതുവിപണിയിൽ അരിവില വർധിപ്പിക്കുമ്പോൾ ഓപൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി ലഭിക്കുന്ന അരികൊണ്ടാണ് വിപണിവില പിടിച്ചുനിർത്തിയിരുന്നത്. പുതിയ തീരുമാനത്തോടെ സംസ്ഥാന സർക്കാറിന്റെ വിപണിയിടപെടലിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ചൊവ്വാഴ്ച ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി ചർച്ച നടത്തും.
തിരുവനന്തപുരം: ഒ.എം.എസ്.എസ് ടെൻഡറിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയത് പൊതുവിപണിയിൽ ആവശ്യത്തിന് അരി ലഭിക്കാത്ത സാഹചര്യത്തിനും വില വർധനക്കും കാരണമാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. മുൻഗണനേതര വിഭാഗത്തിൽ വരുന്ന നീല, വെള്ള റേഷൻ കാർഡുകൾക്കായി കേരളത്തിന് ലഭിക്കുന്ന ടൈഡ് ഓവർ അരിവിഹിതം വർധിപ്പിക്കാത്തതും പ്രയാസകരമാണ്. പ്രതിവർഷം 14.25 ലക്ഷം ടൺ റേഷൻ ഭക്ഷ്യധാന്യ വിഹിതം കേരളത്തിന് ലഭിക്കുന്നതിൽ 10.26 ലക്ഷം ടൺ മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുകൾക്കാണ്.
ബാക്കി 3.99 ലക്ഷം ടൺ അരിയാണ് 57 ശതമാനം വരുന്ന വെള്ള, നീല കാർഡ് ഉടമകൾക്ക് ലഭിക്കുന്നത്. ഓരോ മാസവും നൽകാവുന്ന ടൈഡ് ഓവർ വിഹിതം 33,294 ടൺ ആയി കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ഓരോ വർഷത്തെയും അരി വിഹിതം അതത് മാസം ക്രമീകരിച്ചുനൽകാൻ അനുവാദം വേണമെന്ന് സംസ്ഥാനം പലതവണ അഭ്യർഥിച്ചിരുന്നു- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.