കേന്ദ്രത്തിന്‍റെ പാമോയില്‍ നയം നാളികേര കര്‍ഷകരെ തകർക്കുന്നത് -കെ. സുധാകരന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകർക്കുന്നതാണെന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. നാളികേരത്തെ പാടേ തഴഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പമോയിലിന്‍റെ പിറകെ പോകുന്നത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും വിലയിടവും മൂലം വലിയ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ നാളികേര കര്‍ഷകര്‍ക്കു കനത്ത പ്രഹരമാണ് കേന്ദ്ര സർക്കാറിന്‍റെ പുതിയ നയമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

രാജ്യത്ത് പാംഓയില്‍ ഉൽപാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2025-26 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അധികമായി 6.5 ലക്ഷം ഹെക്ടറില്‍ പാംഓയില്‍ എണ്ണക്കുരു കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. വെളിച്ചെണ്ണ ഉൽപാദനം വര്‍ധിപ്പിക്കാന്‍ നാളികേര കൃഷി പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശത്തെ കേന്ദ്ര സര്‍ക്കാര്‍ പാടെ അവഗണിച്ചതിന്‍റെ തിക്തഫലം കേരളം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

നാളികേര വികസന ബോര്‍ഡ് കാവിവത്കരിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ ജൈവരീതിക്ക് അപരിചിതമായതും പരിസ്ഥിതിക്ക് ദോഷകരവുമായ എണ്ണപ്പന കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം വനനശീകരണത്തിന് കാരണമായ കൃഷിയാണ് എണ്ണപ്പന. പ്രധാനപ്പെട്ട പാം ഓയില്‍ ഉല്‍പാദകരായ ഇന്തോനേഷ്യയും മലേഷ്യയും തായ് ലന്‍ഡും മ്യാന്‍മാറും എണ്ണപ്പന കൃഷി ഉപേക്ഷിച്ച് സ്വാഭാവിക വനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോഴാണ് 11,040 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഇതിലേക്ക് ചെലവാക്കുന്നത്.

ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന നയവ്യതിയാനത്തിലേക്കു കേന്ദ്രസര്‍ക്കാര്‍ നീങ്ങിയപ്പോള്‍ നാളികേരത്തിന് കഴിഞ്ഞ തവണ ലഭിച്ച വിലയുടെ പകുതി പോലും കിട്ടാത്ത സ്ഥിതിയാണിന്ന്. ഉല്‍പാദനച്ചെലവ്, കാലാവസ്ഥാ വ്യതിയാനം, കീടരോഗങ്ങള്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് കര്‍ഷകര്‍ നാളികേരകൃഷി നടത്തുന്നത്. കിടപ്പാടം പണയപ്പെടുത്തി കൃഷി ചെയ്യുന്ന കര്‍ഷകന്‍റെ കടം എഴുതിത്തള്ളാന്‍ ഒരു നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചില്ല. കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രതിഷേധവും ആശങ്കയും കേന്ദ്ര സര്‍ക്കാറിന്‍റെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും പരായപ്പെട്ടെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Centre's palm oil policy destroys coconut farmers -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.