മോദി സര്‍ക്കാര്‍ രാജ്യത്തിന് വലിയ മുറിവുണ്ടാക്കി -ചെന്നിത്തല 

തിരുവനന്തപുരം: മൂന്നു വര്‍ഷത്തെ ഭരണം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കിയ മുറിവ് വളരെ വലുതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ സമൂഹത്തില്‍ അപകടകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ വരുത്തിവെച്ച വര്‍ഗീയ ധ്രൂവികരണത്തിലൂടെ അധികാരത്തിലേറിയ മോദി ഇന്ത്യയുടെ മതേതര ചട്ടക്കൂടിനെയും ബഹുസ്വര സംസ്‌കാരത്തെയും പാടെ തൂത്തെറിയാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും ചെന്നിത്തല പറഞ്ഞു.

ആർ.എസ്.എസിന്‍റെ 'ചൗക്കീദാര്‍' (ഒളിപ്പോരാളി) മാത്രമായി പ്രധാനമന്ത്രി മാറി. എന്ത് ഭക്ഷിക്കണം, എന്ത് ചിന്തിക്കണം എന്നൊക്കെ ഭരണകൂടം തിരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് മോദിയുടെ ഭരണത്തിലാണ്. ഗോവധ നിരോധനത്തിന്‍റെ പേർ പറഞ്ഞ് രാജ്യത്തെ സംഘര്‍ഷ ഭൂമിയാക്കി. അതിന്‍റെ പേരില്‍ ദലിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തെന്ന് ചെന്നിത്തല പറഞ്ഞു.

നോട്ടു നിരോധനത്തിന്‍റെ പേരില്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ തെരുവിലേക്കിറക്കിയതും മോദിയുടെ വികലമായ സാമ്പത്തിക നയത്തിന്‍റെ പ്രതിഫലനമായിരുന്നു. കള്ളപ്പണക്കാര്‍ക്കെതിരെയുള്ള പോരാട്ടം എന്ന വ്യാജേന നോട്ടു നിരോധനം വഴി സാധാരണ ജനങ്ങള്‍ക്ക് അന്തമില്ലാത്ത ദുരിതങ്ങള്‍ നല്‍കുകയാണ് ബി.ജെ.പി സര്‍ക്കാർ ചെയ്തത്‍. കുത്തകകളും കള്ളപ്പണക്കാരും മാഫിയകളും ഇതിനിടയില്‍ പോറലേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. സഹകരണമേഖലയെ തകര്‍ക്കുകയും കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കാന്‍ അവസരം നല്‍കുകയും ചെയ്തെന്നും അദ്ദേഹം ആരോപിച്ചു. 

ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകള്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താനും ഫലപ്രാപ്തിയിലെത്തിക്കാനും മോദിക്ക് കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷം ഒരു കോടി തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്നവര്‍ മൂന്നു വര്‍ഷം കൊണ്ട് 3.8 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി സർക്കാറിന് കടുത്ത തിരിച്ചടി നല്‍കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. 

Tags:    
News Summary - chennithala attack to modi govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.