തിരുവനന്തപുരം: 'മാധ്യമം' ദിനപത്രത്തിനെതിരെ വിദേശ ഭരണാധികാരിക്ക് കത്തയച്ച മുൻ മന്ത്രി കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ജലീൽ കത്തയച്ചിട്ടുണ്ടെങ്കിൽ പാടില്ലാത്തതായിരുന്നെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ചോദ്യത്തോട് പ്രതികരിച്ചു. താൻ ജലീലുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. കത്ത് പരസ്യമായപ്പോഴാണ് വിഷയം അറിയുന്നത്. അപ്പോഴേക്കും നിയമസഭ പിരിഞ്ഞതിനാൽ അദ്ദേഹത്തെ നേരിൽ കാണാനായില്ല. നേരിൽ കാണുമ്പോൾ വിഷയം സംസാരിക്കും. കഴിഞ്ഞദിവസം 'മാധ്യമ'ത്തിന്റെ പ്രതിനിധികളും തന്നെ വന്ന് കണ്ടിരുന്നു. 'എന്താണെന്ന് ജലീലിനോട് ചോദിക്കട്ടെ' എന്നാണ് അവരോടും പറഞ്ഞത്. വിഷയം ചോദിച്ച് മനസ്സിലാക്കി തുടർനടപടി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് കാലത്ത് പ്രവാസികൾ നേരിട്ട പ്രതിസന്ധി തുറന്നുകാട്ടിയ 'മാധ്യമം' ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അന്നത്തെ സംസ്ഥാന മന്ത്രികൂടിയായിരുന്ന കെ.ടി. ജലീൽ വിദേശരാജ്യത്തെ ഭരണാധികാരിക്ക് കത്ത് നൽകിയതാണ് വിവാദമായത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷാണ് ജലീൽ കത്തയച്ച വിവരം കോടതിയിൽ വെളിപ്പെടുത്തിയത്. കത്തയച്ചത് കെ.ടി. ജലീൽ സമ്മതിക്കുകയും ചെയ്തു. കെ.ടി. ജലീലിനെതിരെ ഉചിത നടപടി ആവശ്യപ്പെട്ട് 'മാധ്യമം' പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് കത്ത് നൽകിരുന്നു.
മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും പരിക്കേൽപിക്കുന്നതാണ് ജലീലിന്റെ നടപടിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി പരിശോധിക്കുമെന്ന് മാധ്യമത്തിന് ഉറപ്പ് നൽകിയ മുഖ്യമന്ത്രി ചൊവ്വാഴ്ച വാർത്തസമ്മേളനത്തിൽ ജലീലിനെ തള്ളുകയും ചെയ്തു. ജലീലിന്റെ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ തള്ളിയിരുന്നു. കേരളത്തിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിനെതിരെ വിദേശ ഭരണാധികാരിക്ക് കത്തെഴുതിയ ജലീലിന്റെ നടപടിയിൽ വ്യാപക വിമർശനമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.