കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

കോഴിക്കോട്: കുട്ടികള്‍ക്കുനേരെയുള്ള അക്രമങ്ങള്‍ തടയാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള നിയമങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും വ്യാപകമാവുമ്പോഴും കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് കുറവില്ളെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വര്‍ഷംതോറും  എണ്ണം വര്‍ധിക്കുന്നതായാണ് സംസ്ഥാന ബാലാവകാശ കമീഷന്‍െറ മോണിറ്ററിങ് കമ്മിറ്റിയുടെ കണക്കുകളിലുള്ളത്.

കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് സംരക്ഷിക്കാനായി 2012ല്‍ നിലവില്‍ വന്ന പോക്സോ ആക്ട് പ്രകാരം 2015ലെ ആകെ ലൈംഗികാതിക്രമങ്ങളുടെ എണ്ണം 1,569 ആണ്. ഈ വര്‍ഷം ആഗസ്റ്റ് വരെ റിപ്പോര്‍ട്ട് ചെയ്തത് 1,375 കേസുകളാണ്.

മലപ്പുറം ജില്ലയിലാണ് ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും കുട്ടികള്‍ക്കുനേരെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ പോക്സോ കേസുകളുടെ എണ്ണം 182ഉം ഈ വര്‍ഷം ആഗസ്റ്റ് വരെ ഇത് 152ഉം ആണ്. ഈ വര്‍ഷം തിരുവനന്തപുരം റൂറല്‍ 123 കേസുമായി രണ്ടാമതുണ്ട്. തൃശൂരിലും എറണാകുളം സിറ്റിയിലുമാണ് പോക്സോ കുറ്റകൃത്യങ്ങള്‍ കുറവുള്ളത്. തൃശൂരില്‍ 33ഉം എറണാകുളം സിറ്റിയില്‍ 34ഉമാണ് ഈ വര്‍ഷത്തെ കേസുകളുടെ എണ്ണം. കഴിഞ്ഞ വര്‍ഷവും എറണാകുളം സിറ്റിയിലും ഒപ്പം കോട്ടയത്തുമാണ് കേസുകള്‍ കുറവുള്ളത് -51 എണ്ണം.

ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് ആഗസ്റ്റിലാണ്, 219. ജൂലൈയില്‍ 211ഉം ജനുവരിയില്‍ 174ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം ഏറ്റവും കുറവ് കേസുകളുള്ളത് ഏപ്രിലിലാണ് -142 എണ്ണം.  പോക്സോ കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കോടതികളില്‍ തീര്‍പ്പാവുന്നവയുടെ എണ്ണം കുറവാണെന്ന് ബാലാവകാശ കമീഷന്‍ അംഗം നസീര്‍ ചാലിയം പറയുന്നു.

പോക്സോ കേസുകള്‍ പരിഗണിക്കുന്നതിന് എല്ലാ ജില്ലകളിലും പോക്സോ കോടതികളില്ലാത്തതും പല കാരണങ്ങളാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതുമാണ് ഇത്തരത്തില്‍ തീര്‍പ്പാക്കല്‍ മന്ദഗതിയിലാവാന്‍ കാരണം. തീര്‍പ്പാക്കുന്ന കേസുകളുടെ നിരക്കും ശിക്ഷിക്കപ്പെടുന്നവയുടെ നിരക്കും 10 ശതമാനത്തില്‍ കുറവാണ്. നിലവില്‍ എറണാകുളത്തും തിരുവനന്തപുരത്തും മാത്രമാണ് പോക്സോ കോടതികളുള്ളത്. കോഴിക്കോട്ടെ കോടതി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. മറ്റു ജില്ലകളില്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് പോക്സോ കേസുകള്‍ക്കായി പ്രത്യേകം പ്രവര്‍ത്തിക്കുന്നത്.

ലൈംഗികാതിക്രമ കേസുകളോടൊപ്പം കുട്ടികളുടെ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ബാലവേലയുടെ നിരക്കില്‍ പ്രകടമായ കുറവുള്ളതായി ബാലാവകാശ കമീഷന്‍ നിരീക്ഷിക്കുന്നു.

 

Tags:    
News Summary - child sexual assalt increases report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.