കൊച്ചി: സഭ തർക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. ഏതെങ്കിലും ഒരു വിഭാഗത്തോട് പക്ഷപാതപരമായ ഉദാര സമീപനം പുലർത്തിയിട്ടുമില്ല. ക്രമസമാധാനം ഉറപ്പുവരുത്തിയശേഷം പല പള്ളികളുടെയും നിയന്ത്രണം നിയമപ്രകാരമുള്ള വികാരിമാർക്ക് കൈമാറിയിട്ടുണ്ട്.
മറ്റ് പള്ളികളുടെ കാര്യത്തിലും കോടതി നിർദേശം പാലിക്കാൻ തയാറാണ്. എന്നാൽ, കോവിഡ് വ്യാപനം ഇതിന് തടസ്സമുണ്ടാകുന്നുണ്ട്. പള്ളികൾ നിർബന്ധപൂർവം കൈമാറാൻ ശ്രമിച്ചാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ജനക്കൂട്ടമുണ്ടായേക്കും. സാഹചര്യം അനുകൂലമാകുമ്പോൾ ഘട്ടംഘട്ടമായി ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ഉത്തരവ് നടപ്പാക്കാനാവും.
യാക്കോബായ സഭാംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ഇടവകകളിൽ അവരുടെ വിഭാഗക്കാരുടെ സംസ്കാര ചടങ്ങുകൾക്ക് ഓർത്തഡോക്സ് സഭ വൈദികർ എത്തുന്നതും മറ്റും സംഘർഷത്തിനിടയാക്കുന്നുണ്ട്.
എറണാകുളം വടവുകോട് സെൻറ് മേരീസ് പള്ളിയിലെ ചടങ്ങുകൾക്കും പ്രാർഥനക്കും സംരക്ഷണം തേടി ഒാർത്തഡോക്സ് സഭ വികാരി ഫാ. കുര്യാക്കോസ് തണ്ണിക്കോട്ടും മറ്റു ചിലരും നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം.
2019 മുതൽ ഈ പള്ളി 1934ലെ സഭ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടുന്നതാണെന്ന് സർക്കാറിന് വേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. സംഘർഷ സാധ്യത ഒഴിവാക്കി വേണം കോടതിവിധി നടപ്പാക്കാൻ. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കാനാവുമെന്നും സർക്കാർ വ്യക്തമാക്കി.
സഭ വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കൽ സർക്കാറിെൻറ ബാധ്യതയാണെന്ന് കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട ഹരജികൾ ഒക്ടോബർ അഞ്ചിന് പരിഗണിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.