പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച സി.ഐയെ മറ്റൊരു കേസിൽ സർവിസിൽനിന്ന് പുറത്താക്കി

തിരുവനന്തപുരം: അയിരൂർ പോലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ. ജയസനിലിനെ സർവിസിൽ നിന്ന് നീക്കംചെയ്ത് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉത്തരവിട്ടു. റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ച് അധികാര ദുർവിനിയോഗം നടത്തിയതിനും ഗുരുതരമായ അച്ചടക്കലംഘനത്തിനുമാണ് നടപടി. ജെയസനിൽ നിലവിൽ സസ്പെൻഷനിലാണ്.

കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുകയാണ് ജയസനിൽ. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ നേരത്തെ അയിരൂര്‍ സിഐ ആയിരിക്കെ ജയസനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ പൊലീസ് ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തി ലൈംഗീകമായി പീ‍ഡിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്നാണ് പരാതി. റിസോർട്ട് ഉടമയിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണത്തിൽ സസ്പെൻഷനിലായതിന് പിന്നാലെയാണ് ഈ പരാതിയും പുറത്തുവന്നത്.

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവാണ് സിഐ ജയസനിലിനെതിരെ പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ ഗൾഫിലായിരുന്ന പ്രതിയെ ജയസനിൽ നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹോദരനൊപ്പം സ്റ്റേഷനിൽ കാണാനെത്തിയ പ്രതിയോട് സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കാമെന്ന് ജയസനിൽ പറഞ്ഞു. പിന്നീട് തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാൻ 50000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.

ഇതിനുപിന്നാലെ വാക്കുമാറ്റിയ സി.ഐ പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലിലടച്ചു. കുറ്റപത്രവും സമർപ്പിച്ചു. സിഐ പീഡിപ്പിച്ച വിവരം ഭാര്യയോട് വെളിപ്പെടുത്തിയ പോക്സോ കേസ് പ്രതി പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ ഇക്കാര്യം അറിയിക്കുകയായിരുന്നു. ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂർ സ്റ്റേഷനിലെത്തി ഇയാൾ സിഐക്കെതിരെ പീഡനത്തിന് പരാതിയും നൽകിയിരുന്നു. ഈ കേസിൽ നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുകയാണ് ജയസനിൽ. 

Tags:    
News Summary - CI jayasanil dismissed from service who Sexually Assaulted POCSO Case Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.