തിരുവനന്തപുരം: ബലാത്സംഗം ഉൾപ്പെടെ കേസുകളിൽ പ്രതിയായ സി.ഐ പി.ആർ. സുനുവിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. കേരള പൊലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് ഡി.ജി.പി അനിൽകാന്തിന്‍റെ ഉത്തരവ്. സ്ഥിരമായി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവിസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്. ബേപ്പൂരിൽ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടറായിരുന്നു സുനു.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പൊലീസ് മേധാവിക്ക് മുന്നിൽ ഹാജരാകണമെന്ന് സുനുവിനോട് നിർദേശിച്ചിരുന്നെങ്കിലും മെഡിക്കൽ അവധിയിലെന്ന് ചൂണ്ടിക്കാട്ടി ഒഴിയുകയായിരുന്നു. അതിന് മുമ്പ് സർവിസിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും നോട്ടീസ് നൽകിയിരുന്നു.
തുടർന്ന് നടത്തിയ ഓൺലൈൻ ഹിയറിങ്ങിൽ തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന വിശദീകരണമാണ് സുനു നൽകിയത്. 2010ന് ശേഷം 16 തവണയാണ് സുനു വകുപ്പുതല നടപടികൾക്ക് വിധേയനായത്. ഗുരുതര കുറ്റങ്ങളാണ് കണ്ടെത്തിയത്.
കൂട്ടബലാത്സംഗക്കേസിൽ ഉൾപ്പെട്ടു, പരാതിക്കാരിയോട് മോശമായി പെരുമാറി, കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ മനഃപൂർവം വീഴ്‌ച വരുത്തി, ഡിവൈ.എസ്.പിയുടെ പരിശോധനക്കിടെ അനധികൃത അവധിയെടുത്തു, സുപ്രധാന രേഖകൾ അശ്രദ്ധമായി കൈകാര്യം ചെയ്‌തു, വ്യാജരേഖ ചമച്ചു, ശരിയായ അന്വേഷണം നടത്താതെയും കോടതിക്ക് അന്തിമ റിപ്പോർട്ട് നൽകാതെയും കേസുകൾ അവസാനിപ്പിച്ചു, അന്വേഷണത്തിൽ വീഴ്‌ച വരുത്തി തുടങ്ങിയ പരാതികളിലാണ് നേരത്തേ വകുപ്പുതല നടപടികൾ നേരിട്ടത്.
സസ്‌പെൻഷൻ, ശമ്പള വർധന തടയൽ, ശാസന തുടങ്ങിയ വകുപ്പുതല ശിക്ഷകളും ലഭിച്ചിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം പരിശോധിച്ചശേഷമാണ് പിരിച്ചുവിടൽ. പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സുനു കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും പരാതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.