സി.ഐയുടെ സസ്പെൻഷൻ: സമര വിജയമെന്ന് കോൺഗ്രസ്‌; മുതലെടുപ്പെന്ന് സി.പി.എം


ആലുവ: മൊഫിയ പർവീൻറെ ആത്മഹത്യയിൽ സി.ഐ സുധീറിനെ സസ്പെൻറ് ചെയ്യാനും വകുപ്പ് തല അന്വേഷണം നടത്താനുമുള്ള സർക്കാർ തീരുമാനത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ച് കോൺഗ്രസും സി.പി.എമ്മും. നടപടി കോൺഗ്രസിൻറെ സമര വിജയമാണെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അവകാശപ്പെട്ടു.

മൂന്നാം ദിവസത്തേക്ക് കടന്ന സമരത്തെ തുടർന്നാണ് സുധീറിന് അനുകൂലമായി നിലകൊണ്ട സർക്കാരിന് പിന്നോക്കം പോകേണ്ടി വന്നത്. നിയമ വിദ്യാർഥിക്ക് പോലും നീതി നിഷേധിക്കുന്ന നിയമപാലകരുടെ അഴിഞ്ഞാട്ടത്തെ നിയന്ത്രിക്കാൻ കഴിവില്ലാത്ത ആഭ്യന്തര വകുപ്പിനും സ്ത്രീ സുരക്ഷയെ കുറിച്ച് വാചാലനാകുന്ന കപട മുഖമുള്ള മുഖ്യമന്ത്രിക്കുമെതിരെയുള്ള ജന വികാരമാണ് കോൺഗ്രസ്‌ സമരത്തിന് ലഭിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത്. സസ്പെൻഷൻ നടപടിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം സി.ഐ സുധീറിനെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്‌ തുടർ സമരങ്ങളുമായി മുന്നിലുണ്ടാകുമെന്നും ഡി.സി.സി പ്രസിഡൻറ്‌ മുഹമ്മദ്‌ ഷിയാസ് അറിയിച്ചു.

എന്നാൽ, മൊഫിയ പർവീണിൻറെ പിതാവ് മുഖ്യമന്ത്രിയിൽ അർപിച്ച വിശ്വാസം പാഴായില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി എ.പി.ഉദയകുമാർ പറഞ്ഞു. സി.ഐക്കെതിരായ അന്വേഷണ നടപടികൾ പൂർത്തീകരിക്കുന്നതിനു മുമ്പു തന്നെ സസ്പെൻഷൻ ഉത്തരവിട്ട് വാക്കുപാലിച്ചു സർക്കാരിൻറെ പ്രതിബദ്ധത തെളിയിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്‌ഥാന സെക്രട്ടറി അഡ്വ.സി.എസ്. സുജാത മോഫിയയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം ദുഃഖാവസ്‌ഥയിലുള്ള കുടുംബത്തിൻറെ ആശ്വാസത്തിനായി നടപടി ആവശ്യപ്പെട്ടിരുന്നു. സംസ്‌ഥാന വനിത കമീഷനും ഈ അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആലുവയിൽ ഈ സംഭവത്തിൻറെ പേരിൽ അഴിഞ്ഞാട്ട സമരം നടത്തിയ കോൺഗ്രസ്‌ നേതൃത്വത്തിൻറെ നില കൂടുതൽ പരിതാപകരമാണ്. വൈറ്റിലയിലേറ്റ ക്ഷതവും പാഠമാക്കാതെ ഏതു ദുഃഖ സംഭവത്തിലും മുതലെടുപ്പ് നടത്തുന്നതിനുള്ള പക്വതയില്ലായ്മയാണ് വീണ്ടും പ്രകടിപ്പിച്ചത്. ആഭ്യന്തര വകുപ്പിനും കേരള സർക്കാരിനും അഭിവാദ്യമർപ്പിക്കുന്നതായും എ.പി.ഉദയകുമാർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - CI suspension: Congress calls strike victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.