കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) ജലവൈദ്യുതി ഉൽപാദന രംഗത്തേക്ക്. നിർമാണം പൂർത്തിയായ ആദ്യ ജലവൈദ്യുതി പദ്ധതി നവംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാൽ ജലവൈദ്യുതി നിലയം.
വൈദ്യുതി വകുപ്പിെൻറ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. 4.5 മെഗാവാട്ടാണ് ശേഷി. ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 30 മീറ്റർ വീതിയിൽ തടയണ കെട്ടി അവിടെ നിന്ന് അരകിലോമീറ്റർ അകലെയുള്ള അരിപ്പാറ പവർഹൗസിലേക്ക് പെൻസ്റ്റോക് കുഴൽവഴി വെള്ളമെത്തിച്ചാണ് വൈദ്യുതി ഉൽപാദനം. 52 കോടിയാണ് മൊത്തം ചെലവ്.
സിയാലിെൻറ ജലവൈദ്യുതി പദ്ധതി നദീജലപ്രവാഹത്തെ ആശ്രയിച്ചാണ്. റൺ ഓഫ് ദ റിവർ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികൾക്ക് പേര്. വലിയ അണകെട്ടി വെള്ളം സംഭരിച്ചുനിർത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതവും കുറവാണ്. പൂർണതോതിൽ ഒഴുക്കുള്ള നിലയിൽ പ്രതിദിനം 1.08 ലക്ഷം യൂനിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വർഷത്തിൽ 130 ദിവസമെങ്കിലും ഇത്തരത്തിൽ വൈദ്യുതി ഉൽപാദനം സാധ്യമാകും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നൽകും.
നവംബർ ആറിന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി, സിയാൽ ജലവൈദ്യുതി പദ്ധതി നാടിന് സമർപ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, കൊച്ചി സിയാൽ, കോഴിക്കോട് അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ വെർച്വൽ റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.