മുക്കം: ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്ത് നടപ്പാക്കാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയുമടക്കം ഇന്ത്യക്കെതിരെ രംഗത്തുവന്നത് രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ യശസ്സിന് കോട്ടം തട്ടിച്ചു.
മുക്കത്ത് തിരുവമ്പാടി മണ്ഡലം ഇടത് മുന്നണി തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണ്. ഇത് മുസ്ലിം വിഭാഗത്തെ പൗരത്വത്തിൽനിന്ന് ഒഴിവാക്കാൻ കൊണ്ടുവന്നതാണ്. ഇങ്ങനെ ഒരു നിയമം മതനിരപേക്ഷതയെ അംഗീകരിക്കുന്ന രാജ്യത്ത് കൊണ്ടുവരാൻ സാധിക്കില്ല.
ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ നടന്ന റാലി ബി.ജെ.പിക്കെതിരായ മുന്നറിയിപ്പായി മാറി. ഇത് കോൺഗ്രസിനും നല്ലൊരു അനുഭവപാഠമാണ്. ഇ.ഡിക്ക് കെജ്രിവാളിനെതിരായ നടപടിക്ക് അവസരമൊരുക്കിയത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളെ ബി.ജെ.പി തലങ്ങും വിലങ്ങും ഉപയോഗിക്കുകയാണ്. പ്രതിപക്ഷ പാർട്ടി നേതാക്കളെയാണ് കേന്ദ്ര ഏജൻസികൾ പ്രത്യേകമായി നോട്ടമിടുന്നത്.
എന്നാൽ, കോൺഗ്രസ് ഇതര നേതാക്കൾ പ്രതികളാവുമ്പോൾ കോൺഗ്രസ് ഇത്തരം ഏജൻസികൾക്ക് അനുകൂലമായാണ് നിൽക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2014ന് ശേഷം കേന്ദ്രം എടുത്ത കേസുകളിൽ 600 ശതമാനം വർധനയാണ് ഉണ്ടായത്. ഇതിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെയാണ്. ഇ.ഡി എടുത്ത 121 കേസുകളും സി.ബി.ഐ എടുത്ത 124 കേസുകളും പരിശോധിച്ചാൽ അത് വ്യക്തമാവും. അത് കൊണ്ടുതന്നെ കോൺഗ്രസ് ഇതര നേതാക്കൾക്കെതിരെ കേസെടുത്ത സമയത്ത് സ്വീകരിച്ച നിലപാട് തെറ്റാണെന്ന് പറയാനുള്ള ആർജവം കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ സി.എ.എ വിരുദ്ധ സമരങ്ങളിൽ ഒപ്പം നിന്ന കോൺഗ്രസ് പിന്നീട് പിൻവലിഞ്ഞു. ഇത് കേന്ദ്ര കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ എന്ന് സംശയിക്കണമെന്നും പൗരത്വനിയമം നടപ്പാക്കാനുള്ള ചട്ടം പാസാക്കിയപ്പോഴൊന്നും കോൺഗ്രസിന്റെ ഒരു പ്രതിഷേധംപോലും കണ്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളം കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊക്കെ കേന്ദ്രം അവഗണിച്ചു. ഇതിനൊപ്പം നിൽക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.കെ. വിനോദ് അധ്യക്ഷതവഹിച്ചു. ലിന്റൊ ജോസഫ് എം.എൽ.എ മുഖ്യമന്ത്രിയെ ഷാൾ അണിയിച്ചു. പി. സന്തോഷ് കുമാർ എം.പി, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, ടി.വി. ബാലൻ, സി.കെ. ശശീന്ദ്രൻ, പി. ഗഗാറിൻ, ഇ.ജെ. ബാബു, കെ.കെ. ബാലൻ, മുക്കം മുഹമ്മദ്, വി. കുഞ്ഞാലി. കെ. മോഹനൻ, ടി.എം. ജോസഫ് അഡ്വ. പി. ഗവാസ്, നാസർ പുതുപ്പാടി, സാലിക് കൂടത്തായി, പി.ടി. ബാബു, പി.കെ. കണ്ണൻ, ജോണി എടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.