ഉമേഷ് വള്ളിക്കുന്ന്

ഒരു പൊലീസുകാരൻ ആത്മഹത്യ ചെയ്യുന്ന​തെങ്ങനെ? -ഫേസ്ബുക്കിൽ കുറിപ്പിട്ട പൊലീസുകാരന് സസ്​പെൻഷൻ

പത്തനംതിട്ട: പൊലീസുകാർക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതക്ക് കാരണം തൊഴിലിടത്തിലെ നീതിനിഷേധമാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിന് പിന്നാലെ സിവിൽ പൊലീസ് ഓഫിസർക്ക് സസ്​പെൻഷൻ. പൊലീസ് വകുപ്പിലെ ​കൊള്ളരുതായ്മക്കെതിരെ സമൂഹമാധ്യമത്തിൽ നിരന്തരം കലഹിക്കുന്ന ആറന്മുള പോലീസ് സ്റ്റേഷനി​ലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉമേഷ് യു എന്ന ഉമേഷ് വള്ളിക്കുന്നാണ് നടപടിക്കിരയായത്. കഴിഞ്ഞ ദിവസം പൊലീസുകാരുടെ ഗുണ്ടാബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയതിനാണ് ഇന്ന് പുതിയ കുറിപ്പിട്ടതിന് പിന്നാലെ സസ്​പെൻഡ് ചെയ്തത്.

ശമ്പളം കിട്ടാതെയും അവധി നൽകാതെയും നിരന്തര പീഡനത്തിനിരയായി ആത്മഹത്യ ചെയ്താൽ, ആ വാർത്ത കേൾക്കുമ്പോൾ "പട്ടി ചത്തു" എന്ന് കേൾക്കുന്നതിലപ്പുറം എന്തെങ്കിലും വികാരം അയാളെ പട്ടിണിക്കിട്ട ഏമാനും ശിങ്കിടികൾക്കും ഉണ്ടാകുമോ എന്നും ‘സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലം’ എന്നല്ലാതെ ഏതെങ്കിലും നേതാവിന്റെ പഠന റിപ്പോർട്ട് പറയുമോ എന്നും ഉ​മേഷ് ചോദിക്കുന്നു. മേലുദ്യോഗസ്ഥരുടെ പ്രതികാരനീക്കത്തിന്റ ഭാഗമായി രണ്ട് മാസത്തോളമായി ശമ്പളം കിട്ടിയിട്ടില്ലെന്നും ഭക്ഷണത്തിനും മക്കളുടെ പഠനത്തിനും പോലും പ്രയാസമനുഭവിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. കോഴിക്കോട് സ്വദേശിയായ ഉമേഷിന് രണ്ടു​മാസത്തോളമായി നാട്ടിൽ പോകാനുള്ള അവധിപോലും ലഭിച്ചിട്ടില്ലത്രെ.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഉച്ച 11.30നാണ് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഇതിനുപിന്നാലെ, കഴിഞ്ഞ ദിവസം മുഖ്യന്ത്രിക്ക് തുറന്ന കത്തയച്ചത് സേനക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ഉമേഷിനെ സസ്​പെൻഡ് ചെയ്യുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വി. അജിത്ത് ഒപ്പിട്ട സസ്പെൻഷൻ ഉത്തരവും ഉമേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുണ്ടകളുമായി പൊലീസകാർക്ക് ബന്ധമുണ്ടെന്ന കുറിപ്പ് പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കു​ന്നതാണെന്ന് ഉത്തരവിൽ പറയുന്നു.

ഉമേഷിന്റെ കുറിപ്പുകളുടെ പൂർണരൂപം:

പോലീസ് വകുപ്പിന്റെ ചുമതലയുള്ള ബഹു. മുഖ്യമന്ത്രിക്ക് അയച്ച കത്ത്:

Respected sir,

അങ്കമാലിയിൽ ഗുണ്ടാവിരുന്നിൽ പങ്കെടുത്ത DySP യെയും കൂട്ടിന് പോയ മൂന്ന് പോലീസുകാരെയും പൊക്കിയ വാർത്ത കണ്ടു. രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്ത വാർത്തയും കണ്ടു. കക്കൂസിലൊളിച്ച DySP ക്കും മൂന്നാമത്തെ പോലീസുകാരനും സസ്പെൻഷൻ കൊടുക്കാതെ നിവൃത്തിയില്ലാത്തത് കൊണ്ട് അതും വരും.

തുടർച്ചയായ ഗുണ്ടാ ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിൽ ഓപ്പറേഷൻ ആഗ് എന്ന പേരിൽ വലിയൊരു പരിപാടി ഗുണ്ടകളെ ഒതുക്കാനായി സംസ്ഥാമൊട്ടാകെ നടത്തുമ്പോഴാണ് DySP ക്ക് ഗുണ്ടയുടെ വീട്ടിൽ വിരുന്നൂട്ട്!

ഈ സംഭവത്തിൽ നടപടി ഉറപ്പാക്കിയതിന് അഭിനന്ദനങ്ങൾ. എന്നാൽ ഇത് ആദ്യത്തെയോ അവസാനത്തെയോ ഗുണ്ടാവിരുന്നാണെന്ന് അങ്ങ് കരുതരുത്. ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാർ ഇനിയുമുണ്ട്.

അത് ആരൊക്കെയാണെന്ന് ഡി.ജി.പി.യോ അങ്ങ് ബന്ധപ്പെടുന്ന ഉന്നതന്മാരോ അങ്ങയെ അറിയിക്കണമെന്നില്ല. അവർക്കും അറിയണമെന്നില്ല. താഴോട്ട് അന്വേഷിപ്പിൻ, കണ്ടെത്തും.

കോടതിയുത്തരവ് പ്രകാരം കഞ്ചാവ് വിൽപ്പനക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന പോലീസുകാരെ വിഡ്ഢികളാക്കി പ്രതിയെ കോടതിസമക്ഷം ഹാജരാക്കാതെ വീട്ടിലേക്ക് വിട്ട ആപ്പീസറുടെ കീഴിലാണ് ഞാനിപ്പോൾ, അതേ സ്റ്റേഷനിൽ ജോലിചെയ്യുന്നത്. ക്രിമിനൽ കേസ് എടുക്കേണ്ട കുറ്റകൃത്യമായിരുന്നിട്ടും ഇലക്ഷൻ ട്രാൻസ്ഫർ പോലും ബാധിക്കാതെ അയാൾ എല്ലാ തെളിവുകളെയും മായ്ച്ചു കളഞ്ഞ്, സാക്ഷികൾക്ക് ഭീഷണിയായി അതേ സ്റ്റേഷനിൽ വാഴുന്നു!

പ്രതിയെ രായ്ക്കുരാമാനം സ്റ്റേഷൻജീപ്പിൽ കൊണ്ടുപോയി തെങ്കാശിക്കുള്ള ബസ് കേറ്റിവിടാനാണ് അന്ന് SHO എന്നോട് പറഞ്ഞത്. അത് ഞാൻ അനുസരിച്ചിരുന്നെങ്കിൽ വിശ്വസ്തനും വലംകൈയ്യുമായി സ്റ്റേഷനിൽ വാഴാമായിരുന്നു. ക്രിമിനൽ കുറ്റത്തിന് കൂട്ടുനിൽക്കാത്തത് കൊണ്ട് എനിക്കുണ്ടായ നഷ്ടവും ദുരിതവും ചില്ലറയല്ല.

എസ്.ഐ. സ്റ്റേഷനിൽ കൊണ്ടുവന്ന ഒരു ഗുണ്ട അവന്റെ അപ്പൻ വന്നപ്പോ "....നങ്കിളിനെ വിളിക്ക് പപ്പാ.." എന്ന് മോങ്ങിയത് ഒരു DySP യെ വിളിക്കാനാണ്. മുൻപേയുള്ള ഒരു വധശ്രമക്കേസിൽ പോലും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചത് അപ്പന്റെ ശിങ്കിടിയായ അങ്കിളാണല്ലോ! ആ അങ്കിളാണ് എന്റെ പിരിച്ചുവിടൽ വേഗത്തിലാക്കാൻ പോലീസ് ആസ്ഥാനത്ത് കയറിയിറങ്ങി കാലുപിടിച്ച് നടക്കുന്നത്. മദ്യപിച്ച് റോഡിൽ കിടപ്പ് മുതൽ എല്ലാ നാണംകെട്ട ഇടപാടുകൾക്കും പേരുകേട്ട അങ്കിളിനെയാണ് അങ്ങയുടെയും എന്റെയും വകുപ്പ് അയാൾക്ക് ഏറ്റവും പ്രിയപ്പെട്ട തട്ടകങ്ങൾ കൊടുത്ത് വാഴിക്കുന്നത്.

പോലീസിലെ ഉന്നതരായ ക്രിമിനലുകളുടെ ഊളത്തരങ്ങൾ തുറന്നു കാണിച്ചതിനാണ് എന്നെ പിരിച്ചു വിടാനുള്ള നടപടികൾ അങ്ങയുടെ വകുപ്പിൽ പുരോഗമിക്കുന്നത്. പത്തനംതിട്ടയിലേക്ക് തട്ടിയ എന്നെ തിരിച്ചയയ്ക്കാനുള്ള ട്രിബ്യൂണലിന്റെ ഉത്തരവിനെ "സേനാംഗങ്ങൾക്ക് തെറ്റായ സന്ദേശം നൽകും" എന്ന് അങ്ങയുടെ സെക്രട്ടറി നിഷേധിച്ചത്!

അങ്ങയുടെ വകുപ്പിലെ കള്ളന്മാരെ അങ്ങ് അറിയുന്നുണ്ടോ? വകുപ്പിനകത്തെ ഗുണ്ടകളെ? ഗുണ്ടകളുടെ പാദസേവകരെ? സേനയുടെ അന്തസ്സും അഭിമാനവും വിറ്റ് കാശാക്കി സേനാംഗങ്ങൾക്ക് "ശരിയായ" സന്ദേശം നൽകുന്നവരെ?

അങ്ങയുടെ വകുപ്പിലെ ആത്മഹത്യകളുടെ പെരുപ്പം അങ്ങ് അറിയുന്നുണ്ടോ? അതിന്റെ കാരണം അറിയുന്നുണ്ടോ? അവരുടെ കുടുംബങ്ങളെ അറിയുന്നുണ്ടോ സർ?

ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കഞ്ചാവ് കച്ചവടക്കാരുടെയും ശിങ്കിടികളുടെ കീഴിൽ ജോലിചെയ്യേണ്ടി വരുന്ന ആത്മാർത്ഥതയുള്ള ഉദ്യോഗസ്ഥരുടെ ആത്മസംഘർഷത്തെക്കുറിച്ച് അങ്ങേയ്ക്കറിയാമോ? ആത്മനിന്ദയെക്കുറിച്ച്? അടിമകളല്ലാത്ത പത്ത് പോലീസുകാരെ വിളിച്ച് അതൊന്ന് അറിയാൻ ശ്രമിക്കുമോ സർ?

ഇത് അങ്ങയുടെ മുൻപിലെത്തില്ലായിരിക്കാം.

അങ്ങ് ഇത് വായിക്കില്ലായിരിക്കാം.. പകരം. ഇത് വായിക്കുന്ന അങ്ങയുടെ ഓഫീസ് എന്നെ പിരിച്ചുവിടാനുള്ള നടപടികൾ എളുപ്പത്തിലാക്കുമായിരിക്കും. അതിനും മുൻപേ പോലീസ് മേധാവിമാർ നടപടിയെടുത്ത് കൂറ് തെളിയിക്കും. എന്റെ സർവീസ് മാത്രമല്ല ജീവിതം തന്നെ അവസാനി(പ്പി)ച്ചേക്കും.

പക്ഷേ, ഇത് വായിക്കുന്ന മനുഷ്യരിലാരെങ്കിലും നാളെ ഈ വകുപ്പിനെ നയിക്കാനെത്തും. ഒരു പൊടിക്കെങ്കിലും സേനയെ മനസ്സിലാക്കാൻ അവർ ശ്രമിക്കും . നെല്ലും പതിരും വേർതിരിക്കാനായില്ലെങ്കിലും രണ്ടും തിരിച്ചറിയാനെങ്കിലും അവർക്ക് സാധിക്കും. വർഷങ്ങൾ കൊണ്ട് നഷ്ടപ്പെടുത്തിയതിന്റെ പത്ത് ശതമാനമെങ്കിലും അവർ തിരിച്ചു പിടിക്കും.

വിശ്വസ്തയോടെ,

ഉമേഷ് യു,

സീനിയർ സിവിൽ പോലീസ് ഓഫീസർ,

ആറന്മുള പോലീസ് സ്റ്റേഷൻ,

പത്തനംതിട്ട.

27-05-24

-----------------------

ഒരു പോലീസുകാരനെ ആത്മഹത്യയിലേക്ക് നയിക്കുന്നതെങ്ങനെ?

ഇത് എന്റെ അത്മഹത്യാക്കുറിപ്പാണെന്നോ ഞാൻ ആത്മഹത്യാ ഭീഷണി മുഴക്കുകയാണെന്നോ ആരും തെറ്റിദ്ധരിക്കല്ലേ... നൂറുകണക്കിന് മനുഷ്യരുടെ സ്നേഹവും തണലും ചുറ്റും നിൽക്കുമ്പോൾ എനിക്കങ്ങനെ തോന്നേണ്ട കാര്യമില്ല. എന്നാൽ ഇതേ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന പോലീസുകാരാരും ഇത്രയും സുഹൃത്തുക്കളോ ആത്മബന്ധുക്കളോ ഉള്ളവരാവണമെന്നില്ല. തൊഴിലിലോ ജീവിതത്തിലോ ഒരു പ്രതിസന്ധി വന്നാൽ പത്തുപേര് പോലും ഒപ്പമുണ്ടാവത്തവരാണ് കൂടുതൽ. അവരുടെ നിസ്സഹായതയെക്കുറിച്ചാണ് പറയുന്നത്.

അവധി കഴിഞ്ഞ് തിരിച്ച് ആറന്മുളയിലെത്തിയത് ഏപ്രിൽ 5 നാണ്. ജില്ലാ പോലീസ് മേധാവിയെ കണ്ടാലേ ജോയിൻ ചെയ്യിക്കൂ എന്ന് പറഞ്ഞ് സ്റ്റേഷൻ റൈറ്റർ എന്നെ എസ്.പി.യുടെ അടുത്തേക്ക് വിട്ടു. സ്വാഭാവികമായ ഏതാനും മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം എസ്.പി. അകത്തേക്ക് വിളിപ്പിച്ചു. അകത്ത് ലീവ് സെക്ഷനിലെ ക്ലർക്കും മറ്റും ഉണ്ടായിരുന്നു. ഒരു സിവിൽ പോലീസ് ഓഫീസർ എന്ന് നിലയിൽ അർഹിക്കുന്ന പരിഗണനയോടെ എസ്.പി. വിവരങ്ങൾ അന്വേഷിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റുകളും ജോയിനിങ് റിപ്പോർട്ടും വാങ്ങി നോക്കി. സർട്ടിഫിക്കറ്റ് ജെന്യൂൻ ആണോ എന്ന് വെരിഫൈ ചെയ്യും എന്ന് പറഞ്ഞു. അതിനു ശേഷം SHO അറ്റന്റൻസ് രജിസ്റ്റർ കൊണ്ടുവരട്ടെ, വെയ്റ്റ് ചെയ്യാൻ പറഞ്ഞു.

ഞാൻ പുറത്ത് വെയ്റ്റ് ചെയ്തു. ആ വഴി വന്നവരൊക്കെ പരിചയപ്പെട്ടു. ആ സന്തോഷത്തിൽ നിൽക്കെ SHO യും റൈറ്ററും രജിസ്റ്ററുമായി വന്നു. അവർ അകത്തു കയറി. അല്പം കഴിഞ്ഞ് എന്നെ അകത്ത് വിളിച്ച്, ഇരുത്തി ലീവിന്റെ എണ്ണത്തിലെ ചെറിയ വ്യത്യാസം correct ചെയ്യാൻ പറഞ്ഞു.. അത് ചെയ്തുകൊടുത്തു. ഫയൽ ക്ലാർക്കിന് കൊടുത്തു. എന്നെ സ്റ്റേഷനിലേക്ക് അയക്കാനുള്ള പാസ്പോർട്ട് തരാൻ Addl. SP യെ ഏൽപ്പിച്ചു. പിന്നെ സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ കിടക്കണ്ട എന്നും വേറെ താമസസ്ഥലം നോക്കാനും പറഞ്ഞു. ഞാൻ സമ്മതിച്ചു. വൈകുന്നേരം ഞാൻ ആറന്മുള സ്റ്റേഷനിൽ ചെന്ന് ജോയിൻ ചെയ്തു. പിറ്റേന്ന് രണ്ട് തവണ ഡ്യൂട്ടി മാറ്റിയ ശേഷം ഇലക്ഷൻ SST ഡ്യൂട്ടിക്ക് ജില്ലാ നീരേറ്റുപുറത്തേക്ക് അയച്ചു. തിരഞ്ഞെടുപ്പ് വരെ ആ ഡ്യൂട്ടി അങ്ങേയറ്റം സന്തോഷത്തോടെ ചെയ്തു. ഇത്രയും തികച്ചും സ്വാഭാവികം.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവർക്കെല്ലാം കേരളത്തിലെ എല്ലാ ജില്ലാ പോലീസ് മേധാവികളും രണ്ടു ദിവസത്തെ റെസ്റ്റ് പ്രഖ്യാപിച്ചു.

നമുക്കും കോഴിക്കോടുള്ള വീട്ടിൽ പോയി വരാനുള്ള സാഹചര്യം ഒരുങ്ങി.

എന്നാൽ, പിറ്റേന്ന് രാവിലെ മുതൽ ചെന്നീർക്കര കൗണ്ടിംഗ് സെന്ററിൽ ഡ്യൂട്ടിക്ക് അയച്ചു. ജൂൺ നാല് വരെയാണ് ഡ്യൂട്ടി എന്നതിനാൽ വീട്ടിൽ പോകാനുള്ള റെസ്റ്റോ, ലീവോ കിട്ടുകയില്ല എന്ന് മനസ്സിലായി. ആ സാഹചര്യവുമായി പൊരുത്തപ്പെട്ടു. ജോലി തുടർന്നു. ആവശ്യത്തിന് വിശ്രമം കിട്ടുന്ന വിധത്തിൽ ഡ്യൂട്ടിയായതിനാലും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെയും DHQ ലെയും KAP യിലെയും CISF ലെയും ഒരുപാട് പോലീസുകാരെ പരിചയപ്പെടാനും ഒരുമിച്ച് ഒരുമാസത്തിലധികം ജോലി ചെയ്യാനും പറ്റുന്നത് സന്തോഷമായെടുത്തു. ഒരുപാട് മനുഷ്യരുടെ ജീവതവും കഥകളും തമാശകളുമൊക്കെ കേട്ട് ദിവസങ്ങൾ കടന്നു. കേന്ദ്രീയ വിദ്യാലയത്തിലെ സെക്യൂരിറ്റി സ്റ്റാഫും വോട്ടെണ്ണലിനുള്ള പന്തലു പണിയുന്നവരും ഒക്കെ കൂട്ടുകാരായി. പഴയ വാർത്തകളും മെമ്മോമറുപടികളുമൊക്കെ തപ്പിയെടുത്ത് കൊണ്ടുവന്ന് എല്ലാവരും നമ്മളെ വൈബാക്കി നിർത്തി. കോഴഞ്ചേരി നിന്ന് ഡ്യൂട്ടിക്ക് കൊണ്ടുപോകുന്നതും വരുന്നതും പോലീസനിയന്മാരായ കോയിപ്രത്തെ അനന്തുവും തിരുവല്ലയിലെ അനിലും ഏറ്റെടുത്തിരുന്നു. ( സ്റ്റേഷനിൽ താമസിക്കരുതെന്ന് എസ്. പി നിർദ്ദേശിച്ച വിവരം അറിഞ്ഞ ഉടനെ കോഴഞ്ചേരിയിലെ ഫ്ലാറ്റ് ഒരുപാധിയുമില്ലാതെ വിട്ടു തന്ന് താമസിപ്പിച്ചു റോഷന്റെ -ഞങ്ങളുടെയും- മമ്മി Thankamma John)

അതേ സമയം അവിടെ, കോഴിക്കോട് വിശേഷങ്ങൾ മാറിമാറി വന്നു. ഉത്തരയുടെ പത്താം ക്ലാസ് റിസൾട്ട് വന്നു. ഒന്ന് കെട്ടിപ്പിടിക്കാനോ ഒരുമ്മ കൊടുക്കാനോ എനിക്ക് പറ്റിയില്ല. എല്ലാ കാര്യങ്ങളും ആതിര മാനേജ് ചെയ്തു. സ്കൂൾ ജീവിതത്തിലെ ഏറിയ പങ്കും അച്ഛൻ എന്ന സിംഗിൾ പാരന്റ് മാത്രമുണ്ടായിരുന്ന വീട്ടിൽ നിന്ന് ആതിരയും ഉത്തരയും കെട്ടിപ്പടുത്ത വലിയ ലോകത്ത് അവർ ഞാനില്ലാത്ത ആഘോഷങ്ങൾ ശീലിച്ചു. അഡ്മിഷന്റെ കാര്യങ്ങളെല്ലാം അവർ തന്നെ ഡീൽ ചെയ്തു. എത്ര ദുരേക്ക് സ്ഥലമാറ്റിയാലും എങ്ങനെയൊക്കെ കുടുക്കിയിട്ടാലും തോറ്റുകൊടുക്കാൻ സമ്മതിക്കില്ലെന്ന് അവർ തന്ന ഉറപ്പ് അവർ ഒന്നുകൂടി ഉറപ്പിച്ചു. അമ്മയും സഹോദരങ്ങളും മക്കളുമൊക്കെ ഉൾപ്പെടുന്ന കുടുംബവും അത്ര തന്നെ സാഹോദര്യമുള്ള സുഹൃത്തുക്കളുമൊക്കെ ഒപ്പം നിന്നു.

എന്നാൽ, ജോയിൻ ചെയ്ത് 30 ദിവസം കഴിഞ്ഞ് മെയ് 5 ആയിട്ടും ശമ്പളം കിട്ടാഞ്ഞപ്പോഴാണ് ലീവ് സെറ്റിൽ ചെയ്യേണ്ട ക്ലാർക്കിനെ വിളിച്ച് നോക്കിയത്. അവിടെയാണ് കെണി മനസ്സിലായത്! ഏപ്രിൽ 5 ന് ജില്ലാ പോലീസ് മേധാവി എന്റെ കയ്യിൽ നിന്ന് വാങ്ങി ഏൽപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളും 30 ദിവസമായി അനങ്ങിയിട്ടില്ല. SP പെൻഡിങ്ങ് വെക്കാൻ പറഞ്ഞതാണത്രേ! നേരിട്ട് കണ്ടപ്പോൾ സൗമ്യമായി പുഞ്ചിരിച്ച് മാന്യമായി ഇടപെട്ട എസ്.പി യോ! പോലീസിലെ പലവിധം ഓഫീസർമാരെ കണ്ടിട്ടുള്ളത് കൊണ്ട് അവിശ്വസിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ദിവസങ്ങളുടെ ഇടവേളയിൽ ക്ലാർക്കിനോട് അന്വേഷിച്ചു കൊണ്ടിരുന്നു. ഒരേ മറുപടി. 35, 38,40, 45....എന്നിങ്ങനെ ദിവസങ്ങൾ കടന്നു പോയി. ആറ് മാസത്തെ ശമ്പളം അവധിക്കാലത്തെ കട്ടിങ്ങുകൾ തീർത്ത് കിട്ടേണ്ടതാണ്. അതിന് സെക്ഷനിൽ നിന്ന് പേപ്പർ ഒന്ന് അനങ്ങാനാണ് ഇത്രയും താമസം! 48 ദിവസമായപ്പോൾ ക്ലർക്കിനോട് " നാൽപ്പത്തിയെട്ട് ദിവസമായില്ലേ മാഡം ഒരു ഫയൽ മാഡത്തിന്റെ സെക്ഷനിൽ പെൻഡിംഗ്?" എന്ന് ആദ്യമായി അല്പം സങ്കടവും അമർഷവും തിങ്ങി വന്ന ശബ്ദത്തിൽ പറഞ്ഞ് ഫോൺ വെച്ചു.

അല്പം കഴിഞ്ഞ് അവർ തിരിച്ചു വിളിച്ചു. നിങ്ങളുടെ ലീവ് പാസ്സ്പോർട്ട് ഇല്ലാത്തതിനാൽ ലീവ് സെറ്റിൽ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. ലീവ് സെറ്റിൽ ചെയ്യാതെ ശമ്പളവും തരില്ല.

ലീവ് പാസ്പോർട്ട് തരേണ്ട ആറന്മുള ഇൻസ്പെക്ടർ അത് തരാതെ എന്നെ അബ്സന്റ് രേഖപ്പെടുത്തിയതും എന്നാൽ രേഖകളും തെളിവുകളും കൊണ്ട് അയാൾ പൊളിഞ്ഞു പോയതും ഒരു ഫ്ലാഷ് ബാക്ക് ഉണ്ട്. (അത് വിശദീകരിച്ചാൽ എഴുതിത്തീരില്ല. ആ വിശദാംശങ്ങൾ ഇത് വായിക്കുന്ന ആര് ആവശ്യപ്പെട്ടാലും വാട്സാപ്പിൽ തരാം)

എന്നാൽ ഞാൻ സ്റ്റേഷനിൽ ചോദിച്ചിട്ട് വിളിക്കാം എന്ന് ക്ലാർക്ക് പറഞ്ഞു. അത് കഴിഞ്ഞ് 7 ദിവസങ്ങൾ കൂടി കടന്നു പോയി.

48 ദിവസം തന്റെ ടേബിളിൽ ഒരപേക്ഷ തൊടാതെ മാറ്റിവെക്കാൻ ഒരു ക്ലാർക്ക് ധൈര്യപ്പെടണമെങ്കിൽ അവർക്ക് കിട്ടിയ ഉന്നതതല പിന്തുണ എത്ര വലുതായിരിക്കും! അതിനു പിന്നിലെ അധികാരശക്തി എത്ര ദുഷിച്ചതായിരിക്കും!! രാവും പകലും കൊടും ചൂടിലും പെരുമഴയത്തും സ്വന്തം മകളെയൊ ഭാര്യയേയോ അമ്മയെയൊ പോലും കാണാതെ ജോലി ചെയ്യേണ്ടി വന്ന ഒരു സർക്കാർ ജീവനക്കാരന് ശമ്പളം കൊടുക്കാതിരിക്കാൻ ഇത്രയും തരംതാണ കളി കളിക്കാൻ മാത്രം നിലവാരമുള്ള സിസ്റ്റം!

വായിച്ചു വരുന്ന സുഹൃത്തുക്കൾ ഈ പോയന്റിൽ വെച്ച് ഇതിലെ എന്നെ മാറ്റി നിർത്തുക. സൗഹൃദങ്ങളുടെയും കുടുംബത്തിന്റെയും പ്രിവിലേജ് ഇല്ലാത്ത മറ്റൊരുപോലീസുകാരനെ ഈ സ്ഥാനത്ത് കാണുക.

കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്ക് ഏതോ കാരണത്താൽ ട്രാൻസ്ഫർ ചെയ്യപ്പെട്ട ഒരു പോലീസുകാരൻ. അവന്റെ കസിൻ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അവൻ തന്റെ ഇരുപത് വർഷത്തെ സമ്പാദ്യത്തിലുള്ള 286 ലീവുകളിൽ വെറും പത്തെണ്ണത്തിന് (EL/HPL) അപേക്ഷിക്കുന്നു. കഞ്ചാവ് വിൽപ്പനക്കാരനെ രഹസ്യമായി ബസ് കയറ്റി വിടാനുള്ള SHO യുടെ നിർദ്ദേശം അനുസരിക്കാത്തതിന്റെ വൈരാഗ്യബുദ്ധിയിൽ അവന്റെ ലീവ് അപേക്ഷ SHO തന്റെ മേശയിൽ പൂഴ്ത്തുന്നു. നിവൃത്തിയില്ലാതെ പോലീസുകാരൻ നാലു ദിവസത്തെ സാധാരണ അവധിക്ക് അപേക്ഷിക്കുന്നു. രാത്രി 8 മണിക്ക് പിറ്റേന്ന് ഒരൊറ്റ ദിവസത്തെ അവധി മാത്രം അനുവദിച്ച് ഉത്തരവിട്ട് SHO കളി തുടങ്ങുന്നു. ആറന്മുള നിന്ന് രാവിലെ പുറപ്പെട്ട് കോഴിക്കോട് പോയി രാത്രി തിരിച്ചെത്തി പിറ്റേ ദിവസം രാവിലെ ഡ്യൂട്ടിക്കെത്തണം! ഏമാന്റെ വികൃതികൾ!

ഈ നാലാംകിട അഭ്യാസങ്ങളെ അതിജീവിച്ച്, വലിയ സാമ്പത്തിക നഷ്ടം സഹിച്ച് മെഡിക്കൽ അവധിയെടുത്ത് പിന്നീട് അയാളും ഭാര്യയും കുഞ്ഞിനു വേണ്ടിയുള്ള ചികിത്സകൾ നടത്തുന്നു. അവധി കഴിഞ്ഞ് ജോലിക്കെത്തിയ ശേഷം അയാൾ പത്തനംതിട്ടയിൽ പെട്ടുപോകുന്നു. കുടുംബത്തെ കാണാനാകുന്നില്ല. ശമ്പളം കിട്ടുന്നില്ല. എല്ലാ EMIകളും മുടങ്ങുന്നു. ബാങ്കുകളിൽ നിന്ന് വിളികൾ അസഹ്യമാകുന്നു. കടം വാങ്ങാനോ സഹായിക്കാനോ അയാൾക്ക് എന്നെപ്പോലെ നൂറ് അടുത്ത സൂഹൃത്തുക്കളില്ല. ഉള്ള പത്തോ പതിനഞ്ചോ സുഹൃത്തുക്കളോട് ശമ്പളം കിട്ടിയിട്ട് കൊടുക്കാമെന്ന് പറഞ്ഞ് വാങ്ങിയ കടം തിരിച്ച് കൊടുക്കാൻ പറ്റിയിട്ടില്ല.

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ 60 രൂപയില്ല. ക്യാമ്പിലെ മെസ്സിൽ ഡ്യൂട്ടിയുള്ള പകലുകളിൽ ഭക്ഷണം കഴിക്കാം. രാത്രിയാണ് ഡ്യൂട്ടിയെങ്കിൽ പകൽ പട്ടിണി കിടക്കണം. താമസിക്കാൻ എനിക്ക് സൗജന്യമായി ഇടം തരാൻ ഒരു മമ്മി ഇവിടെയുണ്ട്. അയാൾക്ക് അത് തേടി കണ്ടെത്തണം. ഒരു മാസം കഴിയുമ്പോൾ വാടക എവിടെനിന്നെടുത്തു കൊടുക്കും?

വീട്ടിലെ ആവശ്യങ്ങൾക്ക് വിളി വരുമ്പോൾ എന്ത് മറുപടി പറയും? മക്കളുടെ അഡ്മിഷൻ? ആറ് മാസത്തെ അയാളുടെ ശമ്പളം ട്രഷറിയിൽ കിടക്കുമ്പോഴാണ് അയാളെ ഈ ഗതികേടിലേക്ക് തള്ളിയിട്ട് അധികാരം അതിന്റെ ദംഷ്ട്രകൾ കാണിച്ച് ചിരിക്കുന്നത്.

ഒറ്റപ്പെട്ടവനായും ഏറ്റവും ഗതികെട്ടവനായും അപരിചതമായൊരു നാട്ടിലെ കുടുസ്സുമുറിയിൽ സകല വിധത്തിലും അപമാനിതനായി ഒരോ പന്ത്രണ്ട് മണിക്കൂറിന് ശേഷവും ഇരുപത്തിനാലുമണിക്കൂർ തുടർച്ചയായി തന്റെ നിസ്സഹായതെയെ ശപിച്ച് മിനിറ്റുകളെണ്ണി ജീവിക്കുമ്പോൾ ആയാൾ ആത്മഹത്യ ചെയ്യില്ലെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ?

ആ മരണവാർത്ത കേൾക്കുമ്പോൾ "പട്ടി ചത്തു" എന്ന് കേൾക്കുന്നതിലപ്പുറം എന്തെങ്കിലും വികാരം അയാളെ പട്ടിണിക്കിട്ട ഏമാനും ശിങ്കിടികൾക്കും ഉണ്ടാകുമോ? 'സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലം' എന്നല്ലാതെ ഏതെങ്കിലും നേതാവിന്റെ പഠന റിപ്പോർട്ട് പറയുമോ?

ആയതിനാൽ സുഹൃത്തുക്കളേ,

ഒരു കുറിപ്പ് പോലുമെഴുതാനാവാതെ ആത്മഹത്യ ചെയ്ത ഈ ഡിപ്പാർട്ട്മെന്റിലെ ഏതോ മനുഷ്യന് വേണ്ടിയുള്ള കുറിപ്പായി ഇത് വായിക്കുക.

എന്റേതല്ല, അല്ലേയല്ല.

എന്തെന്നാൽ എല്ലാ ആത്മഹത്യാ മുനമ്പിൽ നിന്നും എന്നെ തിരിച്ചയയ്ക്കാൻ ഒരു സസ്പെൻഷൻ ഉത്തരവ് വരാറുണ്ട്..

ഇവിടെയും വരും....

Tags:    
News Summary - Civil police officer Umesh Vallikkunnu suspended for facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.