തിരുവനന്തപുരം: സംഘ്പരിവാർ പ്രീണനത്തിന് എളുപ്പവഴിയായി സിവിൽ സർവിസിലെ വാട്സ്ആപ് ഗ്രൂപ്പുകൾ. സുപ്രധാന തസ്തിക വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാകുന്ന ഈ നീക്കം തടയുന്നതിൽ സർക്കാറിനും വീഴ്ച. പൊലീസിലെ തത്ത്വമസി, പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക തുടങ്ങിയ ഗ്രൂപ്പുകൾക്ക് പിന്നാലെയാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ അഡ്മിനായി വന്ന ‘ഹിന്ദു മല്ലു ഓഫ്’ എന്ന വാട്സ്ആപ് ഗ്രൂപ്.
സംഭവം പുറത്തുവന്നു രണ്ടു ദിവസമായിട്ടും സർക്കാർ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായില്ല. ആർ.എസ്.എസ്, പോപുലര്‍ ഫ്രണ്ട്, സി.പി.എം, കോണ്‍ഗ്രസ് അങ്ങനെ മത- രാഷ്ട്രീയ ചായ്വുകള് അനുസരിച്ച് ഗ്രൂപ്പുകളുണ്ട്. പൊലീസിലെ ഇത്തരം ഗ്രൂപ്പുകളിൽനിന്ന് അതിരഹസ്യ വിവരങ്ങൾ പുറത്തുപോയത് കണ്ടെത്തിയിട്ടുമുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ സമാന സാഹചര്യം സൃഷ്ടിക്കുന്നതിന്റെ ആരംഭമാണോ ഇതെന്നാണ് സംശയം.
എ.ഡി.ജി.പി അജിത് കുമാറിന്റെ രഹസ്യനീക്കത്തിന് കാരണം അടുത്ത ഡി.ജി.പി കസേരയാണോ എന്ന് സംസ്ഥാന പൊലീസ് മേധാവി തന്റെ അന്വേഷണ റിപ്പോർട്ടിൽ ആരാഞ്ഞിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷൻ ആഗ്രഹിക്കുന്നവർ കേന്ദ്ര സർക്കാറിന്റെ പ്രീതി ലഭിക്കാനായി അവലംബിക്കുന്ന പല മാർഗങ്ങളിലൊന്നു മാത്രമാണിതെന്ന് കരുതുന്നവർ ഐ.എ.എസുകാരിൽതന്നെയുണ്ട്. ഈ പ്രവർത്തനത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയതും ഗ്രൂപ്പിൽ ചേർത്ത ചില ഐ.എ.എസുകാരാണ്.
ഹിന്ദു ഉദ്യോഗസ്ഥരുടെ മാത്രമല്ല തന്നെ അഡ്മിനാക്കി മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം സാധൂകരിക്കാനാണ് ഈ വാദമെന്ന സംശയം ഉയരുന്നുണ്ട്. ഹിന്ദു മല്ലു ഗ്രൂപ് ഓഫിന് സമാനമായി മുസ്ലിം മല്ലു ഗ്രൂപ് ഓഫ് രൂപവത്കരിച്ചതിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു. അംഗമാക്കിയ ഒരാൾ ‘ഗോപാൽ എന്താണിതിന്റെ അർഥമെന്ന്’ ചോദിച്ചതിന് പിന്നാലെ ഗ്രൂപ് ഡിലീറ്റാക്കി എന്ന അറിയിപ്പോടെയാണ് മുസ്ലീം മല്ലു ഗ്രൂപ് ഓഫിന്റെ സ്ക്രീൻഷോട്ട്.
തന്റെ പേരിൽ 11 ഗ്രൂപ്പുണ്ടാക്കിയെന്നും അതിൽ എല്ലാ വിഭാഗങ്ങളുമുണ്ടെന്നുമാണ് ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നത്. ഹിന്ദു മാത്രമല്ല മുസ്ലിം ഗ്രൂപ്പുമുണ്ടെന്നു വ്യക്തമാക്കുമ്പോഴും ബാക്കി ഗ്രൂപ്പുകളുടെ വിശദാംശങ്ങളോ പ്രത്യേക സമുദായാംഗങ്ങളാണോ അതിലെ അംഗങ്ങൾ എന്നോ അദ്ദേഹം പറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.