അടിമാലി: ശാന്തഗിരി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതിയായ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്ന് സി.പി.എം നേതാക്കൾ അറിയിച്ചു.അടിമാലി കാംകോ ബ്രാഞ്ച് സെക്രട്ടറി സഞ്ജു ആദിവാസി യുവാവിനെ മർദിച്ച കേസിൽ പ്രതിയാണ്.
ഉത്സവച്ചടങ്ങുകൾ തടസ്സപ്പെടുത്താനുണ്ടായ സാഹചര്യം നീതീകരിക്കാനാവില്ല. ഹൈറേഞ്ചിന്‍റെ കുടിയേറ്റ കാലം മുതൽ ഈ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ നാടിന്‍റെ ഉത്സവമാണ്. ഇതുമായി സഹകരിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയുടെ പങ്ക് പാർട്ടി അന്വേഷിച്ച് നടപടി എടുക്കുമെന്നും സി.പി.എം അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി.അലക്സാണ്ടർ, ലോക്കൽ സെക്രട്ടറി സുധീഷ് കുമാർ എന്നിവർ അറിയിച്ചു.
അടിമാലി: ശാന്തഗിരി ക്ഷേത്രത്തിലെ സംഘർഷത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സി.പി.എം ബന്ധമുള്ള കുറ്റവാളികളെ ഭരണ സ്വാധീനത്തിന്റെ മറവിൽ രക്ഷിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ക്ഷേത്രത്തിലെ സംഘർഷത്തിന് പിന്നിൽ പ്രവർത്തിച്ചത് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളാണ്.
സംഘർഷത്തിനിടെ എസ്.ഐയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത സി.പി.എം സോഷ്യൽ മീഡിയ കോഓഡിനേറ്ററെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്.കുറ്റക്കാരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെണ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ്, മണ്ഡലം പ്രസിഡന്റ് സി.എസ്. നാസർ, ഹാപ്പി കെ.വർഗീസ്, കെ.എസ്. ഷജാർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.