സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷം: അപ്രതീക്ഷിതം, അസാധാരണം

തിരുവനന്തപുരം: നിയമസഭയിൽനിന്ന് പ്രതിപക്ഷം പ്രതിഷേധിച്ചിറങ്ങുന്നത് സാധാരണമെങ്കിലും സ്പീക്കറുടെ ഓഫിസിന് മുന്നിൽ ബുധനാഴ്ച അരങ്ങേറിയത് അസാധരണ സംഭവങ്ങൾ. സ്പീക്കറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്യാനായിരുന്നു പ്രതിപക്ഷ തീരുമാനം. ഇതനുസരിച്ച് രാവിലെ 10.10 ഓടെ ‘സ്പീക്കർ നീതിപാലിക്കുക’ എന്നെഴുതിയ ബാനറും ‘സ്പീക്കറെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു’ എന്നെഴുതിയ പ്ലക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കിയാണ് യു.ഡി.എഫ് അംഗമങ്ങൾ സ്പീക്കറുടെ ഓഫിസിനു മുന്നിലേക്ക് എത്തിയത്.

പ്രതിപക്ഷം കുത്തിയിരിപ്പ് സമരം തുടങ്ങിയ ഉടൻ വലിയ സംഘർഷം കൈകാര്യം ചെയ്യുന്ന രീതിയിൽ വാച്ച് ആൻഡ് വാർഡുകൾ സ്പീക്കറുടെ ഓഫിസിനും പ്രതിഷേധക്കാർക്കുമിടയിൽ നിലയുറപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉപനേതാവ് കുഞ്ഞാലിക്കുട്ടി എന്നിവർ ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ല. പ്രതിഷേധത്തിനിടയിലും അകത്ത് സഭാ നടപടികൾ പുരോഗമിക്കുന്നുണ്ടായിരുന്നു. 10.35 ഓടെ സഭ പിരിഞ്ഞു. ഇതിനിടെ സ്പീക്കർക്ക് വഴിയൊരുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണ് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. സ്പീക്കർക്ക് ഓഫിസിലേക്കെത്താൻ വഴിയൊരുക്കാനുള്ള വാച്ച് ആൻഡ് വാർഡിന്‍റെ ശ്രമം പ്രതിപക്ഷാംഗങ്ങളെ തള്ളിമാറ്റുന്ന നിലയിലായിരുന്നു.

തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷം വാച്ച് ആൻഡ് വാർഡിന് നേരെ തിരിഞ്ഞു. ഇതിനിടെ സഭ കഴിഞ്ഞെത്തിയ ചില ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷത്തിനെതിരെ തിരിഞ്ഞതോടെ ഇടനാഴിയിൽ രൂക്ഷമായ വാക്പോരായി. ഓഫിസിന് മുന്നിൽനിന്നും മാറണമെന്ന് ആവശ്യപ്പെട്ടിട്ടും സ്പീക്കറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ച് മാറ്റി. ഇതോടെ മറ്റ് പ്രതിപക്ഷാംഗങ്ങൾ വാച്ച് ആൻഡ് വാർഡിന് നേരെ തിരിഞ്ഞതോടെ അക്ഷരാർഥത്തിൽ ഏറ്റുമുട്ടലും പോർവിളിയുമായി. ഇതിനിടെ കുഴഞ്ഞുവീണ സനീഷ് കുമാറിനെ വാച്ച് ആൻഡ് വാർഡുമാർ ചേർന്ന് പുറത്തെത്തിച്ചു. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി.ഇതിനിടെ പ്രതിപക്ഷ നേതാവ് സംഭവ സ്ഥലത്തേക്കെത്തി. സ്പീക്കറുടെ ഓഫിസിലെത്തിയ പ്രതിപക്ഷ നേതാവ് വാച്ച് ആൻഡ് വാർഡുമാരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.പിന്മാറാൻ സ്പീക്കർ നിർദേശിച്ചതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്. 

വഴിവെച്ചത് സ്പീക്കറുടെ തീരുമാനം

തിരുവനന്തപുരം: അസാധാരണ സംഭവവികാസങ്ങളിലേക്ക് നിയമസഭയെ എത്തിച്ചത് തുടർച്ചയായി മൂന്നാംദിവസവും അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ച സ്പീക്കറുടെ തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ സംബന്ധിച്ച് ഉമ തോമസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അടിയന്തരസ്വഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്.

സ്പീക്കറുടെ തീരുമാനത്തോട് വിയോജിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സ്ത്രീ സുരക്ഷ ചർച്ച ചെയ്യാനല്ലെങ്കിൽ എന്തിനാണ് സഭയെന്ന് ചോദിച്ചു. പ്രസംഗം പൂർത്തീകരിക്കാൻ പ്രതിപക്ഷനേതാവിനെ അനുവദിക്കാതെ മറ്റ് അജണ്ടകളിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷവും നിലപാട് കടുപ്പിച്ചു.

സ്പീക്കറുടെ വേദിക്ക് മുന്നിലെത്തി മുദ്രാവാക്യം മുഴക്കി അവർ പ്രതിഷേധിച്ചു. ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കാൻ കെ.പി. മോഹനനെ സ്പീക്കർ ക്ഷണിച്ചതോടെ ‘സ്പീക്കർ നീതിപാലിക്കുക’ എന്നെഴുതിയ ബാനർ ചെയറിനെ കാണാൻ കഴിയാത്തവിധം പ്രതിപക്ഷം ഉയർത്തി. സബ്മിഷൻ അവതരിപ്പിക്കേണ്ട ഭരണപക്ഷാംഗങ്ങളുടെ പേര് മാത്രം ഒരുമിച്ച് സ്പീക്കർ വിളിക്കുകയും അവക്കുള്ള ഉത്തരം ബന്ധപ്പെട്ട മന്ത്രിമാർ മേശപ്പുറത്ത് വെക്കാൻ നിർദേശിക്കുകയും ചെയ്തു.

അജണ്ട പ്രകാരം കടലാസുകൾ മേശപ്പുറത്ത് വെക്കാൻ മന്ത്രിമാർ ഓരോരുത്തരെയായി സ്പീക്കർ ക്ഷണിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽനിന്ന് സീറ്റിലേക്ക് മടങ്ങുകയും പ്രതിപക്ഷനേതാവ് സംസാരിക്കാൻ എഴുന്നേൽക്കുകയും ചെയ്തു. ഇതോടെ ബഹളവുമായി ഭരണപക്ഷാംഗങ്ങൾ എഴുന്നേറ്റു.

പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അവസരം നൽകാതിരുന്നതോടെ പ്രതിപക്ഷാംഗങ്ങൾ വീണ്ടും നടുത്തളത്തിലിറങ്ങി സ്പീക്കറുടെ വേദിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. ഇതിനിടെ സ്പീക്കറുടെ ഡയസിൽ ചവിട്ടിക്കയറിയ റോജി എം. ജോൺ ‘നട്ടെല്ലുള്ള സ്പീക്കർ ആകണം’ എന്ന് ഉച്ചത്തിൽ ആവശ്യപ്പെട്ടു. ഈ സമയം റിപ്പോർട്ട് സഭയിൽവെച്ച് സംസാരിക്കുകയായിരുന്ന മന്ത്രി റിയാസ് മുഹമ്മദ്, ‘നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുള്ള പ്രതിപക്ഷ’മെന്ന് തിരിച്ചടിച്ചു. പത്ത് മിനിറ്റിനുള്ളിൽ ശൂന്യവേള അവസാനിച്ചതോടെ പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് പുറത്തിറങ്ങി. പിന്നാലെ ബ്രഹ്മപുരം തീപിടുത്ത വിഷയത്തിൽ റൂൾ 300 പ്രകാരമുള്ള പ്രസ്താവന മുഖ്യമന്ത്രി നടത്തി. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ അജണ്ടകളെല്ലാം പൂർത്തീകരിച്ച് 10.35ന് സഭ പിരിഞ്ഞു.

Tags:    
News Summary - Clash in Front of Speaker's Office: Unexpected, Unusual

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.