തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപതക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണോദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
'ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്ന്. സർക്കാറിന് നല്ല ഉദ്ദേശ്യമുള്ളൂവെങ്കിലും ചിലർ എതിർക്കും. അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാവുമോ അത് ചെയ്യും. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ പറ്റിക്കൽ ആണെന്ന സന്ദേശമാണ് ഒരാൾ പ്രചരിപ്പിച്ചത്. ആരും ചടങ്ങിൽ പങ്കെടുക്കരുതെന്നും ഒരാളും സഹായം വാങ്ങരുതെന്നും പ്രചരിപ്പിച്ചു. അതിന് ഈ സ്ഥാനത്തിരുന്ന് താൻ മറുപടി പറയുന്നില്ല' - മുഖ്യമന്ത്രി പറഞ്ഞു.
ഇത് വൻ ചതിയാണെന്നാണ് പ്രചരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചതി ശീലമുള്ളവർക്കേ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജണ്ടയല്ലെന്നും ഇത്തരം പൊള്ളത്തരങ്ങളിൽ ബലിയാടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച നടന്ന സഹായ വിതരണ ചടങ്ങ് ലത്തീൻ അതിരൂപതക്ക് കീഴിലെ ഇടവകയിൽനിന്നുള്ളവരും തീരമേഖലയിൽ ക്യാമ്പുകളിൽ കഴിയുന്നവരും ബഹിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.