കൊല്ലം: ഇടതുപക്ഷവുമായി സഹകരിച്ചുപ്രവർത്തിച്ചിരുന്ന സി.എം.പി(അരവിന്ദാക്ഷൻ വിഭാഗം) സി.പി.എമ്മിൽ ലയിച്ചു. ലയനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് വരുമ്പോൾ വർഗീയസംഘർഷമുണ്ടാക്കി വോട്ട് നേടാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരുഘട്ടത്തിൽ ക്രൈസ്തവർക്കുനേരെയായിരുന്നു ആക്രമണം. ഇപ്പോൾ മുസ്ലിംകളെ കണ്ടാൽ ആക്രമിക്കുന്ന മാനസികനിലയിലേക്ക് ഒരു കൂട്ടം മാറിയിരിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി അനുമതി വേണ്ടെന്നാണ് ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുടെ പ്രഖ്യാപനം. തങ്ങൾ അധികാരത്തിൽ വന്നാേല രാമക്ഷേത്രം ഉയരൂ എന്നാണ് കോൺഗ്രസ് വക്താവ് ദിഗ്വിജയ് സിങ് പറഞ്ഞത്.
പശുവിെൻറ പേരിൽ സംഘ്പരിവാറുകാർ മനുഷ്യരെ കൊല്ലുകയും ആക്രമിക്കുകയും ചെയ്തപ്പോൾ തങ്ങളാണ് ഗോവധ നിരോധനത്തിെൻറ യഥാർഥ വക്താക്കളെന്നാണ് ദിഗ്വിജയ് സിങ് പറഞ്ഞത്. കോർപറേറ്റുകൾ സമ്പാദിച്ചതിെൻറ വിഹിതം ബി.ജെ.പിക്ക് ഇപ്പോൾ തിരിച്ചുനൽകുകയാണ്. കർണാടകയിൽ ഒരു എം.എൽ.എക്ക് 40 കോടി വരെയാണ് വാഗ്ദാനം. ബി.ജെ.പിയുമായി സമരസപ്പെടില്ലെന്നും വർഗീയതയോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉറപ്പുള്ളവരെയാകണം വിജയിപ്പിക്കേണ്ടത്. കമ്യൂണിസ്റ്റ് പ്രസ്ഥാനം വെല്ലുവിളി നേരിടുന്ന കാലമാണിത്. പശ്ചിമബംഗാളിലെയും ത്രിപുരയിലെയും വേട്ടക്ക് കേന്ദ്രസർക്കാർ പിന്തുണയുണ്ട്. എല്ലാറ്റിനും അതിേൻറതായ സമയമുണ്ടല്ലോ എന്നതാണ് സി.എം.പി-സി.പി.എം ലയനം കാട്ടിത്തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി.എം.പി നേതാവ് പാട്യം രാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.എം.പി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ജില്ല സെക്രട്ടറി എസ്. സുദേവൻ, എൻ. വിജയൻപിള്ള എം.എൽ.എ, സി.എം.പി സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാരിയർ, സി.സി.എച്ച്. വിജയൻ, ജി.സുഗുണൻ എന്നിവർ സംസാരിച്ചു. എം.വി. രാഘവെൻറ മക്കളായ എം.വി. ഗിരിജ, എം.വി. നികേഷ് കുമാർ, മരുമക്കളായ പ്രഫ. കുഞ്ഞിരാമൻ, റാണി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.