തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ ഫയലുകൾ മരിച്ച രേഖകളാകരുതെന്നും തുടിക്കുന്ന ജീവിതമാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളെ സേവിക്കുന്നവരാണ് തങ്ങളെന്ന ബോധ്യത്തോടുകൂടിവേണം ഒരോ ഉദ്യോഗസ്ഥനും പെരുമാറാൻ. ഓഫിസിൽ വരുന്നവരോട് താൻ പെരുമാറുന്നത് സമൂഹവും സർക്കാറും ആഗ്രഹിക്കുന്ന തരത്തിലാണോയെന്ന് ആത്മപരിശോധന നടത്തണമെന്നും വില്ലേജ് ഓഫിസർമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിമിതമായ സൗകര്യത്തിൽ മാതൃകപരമായ സേവനം നടത്തുന്നതിൽ പ്രശസ്തി ആർജിച്ചവരാണ് റവന്യൂ ജീവനക്കാർ. പക്ഷേ, ചിലർ ആ തരത്തിലേക്ക് ഉയരുന്നില്ല. അന്യായമായി പണം വസൂലാക്കുന്നത് മാത്രമല്ല, ഒരേ സേവനത്തിനായി ജനങ്ങളെ പലതവണ ഓഫിസിലേക്ക് എത്തിക്കുന്നതും അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പുണ്ടാകാത്തതും ഓൺലൈൻ അപേക്ഷകളിൽ മതിയായ കാരണങ്ങളില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമെല്ലാം അഴിമതിയുെട ഗണത്തിൽ വരും. ഫയലുകൾ തീർപ്പാകാതെ സൂക്ഷിക്കുന്നത് അഴിമതിക്കുള്ള അരങ്ങൊരുക്കലാണ്. സുതാര്യവും സമയബന്ധിതവുമായ സേവനം ലഭ്യമായില്ലെങ്കിൽ പൊതുജനങ്ങൾക്ക് സർക്കാർ ഓഫിസുകളോട് അതൃപ്തിയുണ്ടാകും. സർക്കാർ ഓഫിസുകളിൽ ഒരാൾ പോകാനിടയായാൽ അയാൾ ആ ഓഫിസ് പ്രവർത്തനങ്ങളോട് മാത്രമല്ല, സർക്കാറിെൻറ പ്രകടനത്തെക്കുറിച്ച് കൂടിയാണ് വിലയിരുത്തുക. ഓഫിസിൽ നിഷേധാത്മക സമീപനം സ്വീകരിക്കുമ്പോൾ അവിടെ ചെല്ലുന്നവർ സർക്കാറിന് എതിരാകും. അപേക്ഷ ലഭിച്ചാൽ മെറിറ്റ് അനുസരിച്ചാണ് തീരുമാനമെടുക്കേണ്ടത്. ഏതെങ്കിലും തലങ്ങളിൽ ദുഷ്പ്രവണത ശേഷിക്കുന്നുണ്ടെങ്കിൽ െവച്ചുപൊറുപ്പിക്കില്ല. കൃത്യമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിവിൽ സർവിസ് രംഗത്തുനിന്ന് അഴിമതി പൂർണമായി തുടച്ചുനീക്കിയെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാൽ അതിെൻറ തോത് കുറയാക്കാനായി എന്നത് ആരും സമ്മതിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജനും യോഗത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം: വില്ലേജ് ഓഫിസുകളിലെ എല്ലാ സേവനങ്ങളും ഒക്ടോബർ രണ്ടിനകം ഓൺലൈനാക്കുമെന്ന് മുഖ്യമന്ത്രി. പൊതുജനങ്ങൾക്ക് ഓഫിസിൽ വരാതെ തന്നെ പരമാവധി സേവനങ്ങൾ ലഭ്യമാക്കും. 54 ശതമാനം വില്ലേജുകളിൽ മാത്രമാണ് 55 വർഷം കൊണ്ട് റീ സർവേ പൂർത്തീക്കരിച്ചത്. ഇതിൽ 89 വില്ലേജുകളിൽ മാത്രമാണ് ജി.പി.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ റീ സർവേ നടന്നത്.ഈ അവസ്ഥക്ക് മാറ്റംവരുത്തും.
രണ്ട് വർഷം കൊണ്ട് 1666 വില്ലേജുകളിലും ഡിജിറ്റൽ റീ സർവേ പൂർത്തീകരിക്കും. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളിലെ സേവനങ്ങൾ റെലിസ്, ഇ-മാപ്സ്, പേൾ എന്നീ പോർട്ടലുകളിലൂടെയാണ് ലഭ്യമാക്കുക. ഈ സേവനങ്ങൾ ഇനിമുതൽ ഒറ്റ പോർട്ടൽ വഴി ആക്കാനും ഭൂരേഖകൾ സൂക്ഷിക്കാൻ ഇൻറഗ്രേറ്റഡ് ഭൂസേവന പോർട്ടൽ നടപ്പാക്കാനും ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.