സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ നാളെ ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് രവീന്ദ്രനെ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചത്.
എന്നാൽ, ഇത് ഇ.ഡിയുടെ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ ബോധപൂർവമുള്ള തന്ത്രമാണോയെന്ന് ഇ.ഡി സംശയിക്കുന്നു. മുമ്പ് രണ്ടുതവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ്, കോവിഡാനന്തര ചികിത്സ തുടങ്ങിയവ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല. അതിനുശേഷമാണ് മൂന്നാമതും ഒരാഴ്ച മുമ്പ് നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് രവീന്ദ്രൻ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്.
പരിശോധനക്കുശേഷം നാലാം നമ്പർ മെഡിസിൻ വിഭാഗത്തിൽ അദ്ദേഹം പ്രവേശിപ്പിച്ചു. എന്നാൽ, മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ ശ്രദ്ധ പതിയാതിരിക്കാൻ അദ്ദേഹത്തെ പ്രത്യേക മുറിയിലേക്ക് മാറ്റി. കോവിഡ് മുക്തനായെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് രവീന്ദ്രൻ പറയുന്നത്. തലവേദനയും കടുത്ത ക്ഷീണവും അടക്കമുള്ള പ്രശ്നങ്ങളുള്ളതിനാൽ രവീന്ദ്രനെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ന്യൂറോ സംബന്ധമായ പ്രശ്നങ്ങളും രവീന്ദ്രനുണ്ടെന്ന് പറയുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായാണ് രവീന്ദ്രെൻറ മൊഴി രേഖപ്പെടുത്താൻ ഇ.ഡി തീരുമാനിച്ചത്. വടകരയിലെ അഞ്ച് വ്യാപാരസ്ഥാപനങ്ങളുൾപ്പെടെ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഇ.ഡി പരിശോധന നടത്തി. 12 സ്ഥാപനങ്ങളിൽ രവീന്ദ്രന് ഒാഹരിയുണ്ടെന്ന് കെണ്ടത്തുകയും രവീന്ദ്രെൻറയും ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങൾ കൈമാറാൻ രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകുകയും ചെയ്തു.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയും രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചും ഇ.ഡി അന്വേഷിച്ചു. അതിന് പിന്നാലെയാണ് ഇപ്പോൾ ഹാജരാകാൻ നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.