തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ആഭ്യന്തര വകുപ്പെങ്കിലും ഒഴിഞ്ഞുകൊടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തൃശൂർ പൂരം കലക്കിയതിനെ കുറിച്ച് അന്വേഷിക്കാൻ അഞ്ച് മാസം എന്തിനാണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി വിചാരിച്ചാൽ ഒരു റിപ്പോർട്ടും കിട്ടില്ലെന്നും ആക്ഷേപിച്ചു. ചോദ്യങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചു കളിക്കുകയാണ്. എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് ആവർത്തിച്ച സതീശൻ വ്യാജ പ്രചാരണങ്ങൾ ഏറ്റവുമധികം നടത്തിയത് പാർട്ടി പത്രമാണെന്നും വിമർശിച്ചു.
“ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണ് മുഖ്യമന്ത്രി. തൃശൂർ പൂരം കലക്കിയതിനെ കുറിച്ച് അന്വേഷിക്കാൻ എന്തിനാണ് അഞ്ച് മാസം? ഇനിയും റിപ്പോർട്ട് കിട്ടിയില്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി ആ കസേരയിലിരിക്കുന്നത്? ആഭ്യന്തര വകുപ്പെങ്കിലും മുഖ്യമന്ത്രി ഒഴിഞ്ഞു കൊടുക്കണം. പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയെക്കൊണ്ടാവില്ല. നിങ്ങൾ വിചാരിച്ചാൽ ഒരു റിപ്പോർട്ടും കിട്ടില്ല. പൂരം കലക്കിയത് അന്വേഷിച്ചാൽ മുഖ്യമന്ത്രി ഉൾപ്പെടെ കുടുങ്ങും എന്നതിനാലാണോ അന്വേഷണം നടക്കാത്തത്? ഗുരുതര ആരോപണം വന്നിട്ടും എ.ഡി.ജി.പിയെ മാറ്റാതെ അദ്ദേഹത്തെക്കൊണ്ട് അന്വേഷിപ്പിച്ചു.
ഭരണകക്ഷി എം.എൽ.എയെ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. അൻവറിനെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. മുഖ്യമന്ത്രി പറയുന്നത് ശരിയാണെങ്കിൽ അൻവറിനെതിരെ നടപടി സ്വീകരിക്കാൻ തയാറുണ്ടോ? മുഖ്യമന്ത്രി പറയുന്നതിൽ യാതൊരു യുക്തിയുമില്ല. അൻവർ ഉന്നയിച്ച ആരോപണത്തിൽ പകുതി അന്വേഷിക്കുകയാണ് ചെയ്യുന്നത്. എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന കാര്യം ഞാൻ ആവർത്തിക്കുന്നു. അതിനു പിന്നിൽ മറ്റൊരു കാരണം കാണുന്നില്ല. റിപ്പോർട്ട് കിട്ടിയിട്ടും എ.ഡി.ജി.പിക്കെതിരെ നടപടിയെടുത്തില്ല. ജയറാം പടിക്കലിന്റെ കഥ പറഞ്ഞ് ഞങ്ങൾക്ക് ക്ലാസെടുക്കേണ്ട ആവശ്യമില്ല.
മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ വിമർശിച്ചല്ലോ. പാർട്ടി പത്രത്തിന്റെ കാര്യം അദ്ദേഹം മറന്നോ. ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ പേരിൽ ഏറ്റവും വലിയ വ്യാജവാർത്ത ചമച്ചത് പാർട്ടി പത്രമാണ്. മോൻസൻ മാവുങ്കലിന്റെ വ്യാജ ചെമ്പോലക്ക് ആധികാരികത നേടിക്കൊടുത്തതും അവരാണ്. മറ്റൊരു പത്രത്തിന്റെ ചീഫ് എഡ്റ്ററുടെ പേരിൽ വ്യാജ കത്തുപോലും അവർ നിർമിച്ചു. മുഖ്യമന്ത്രി ബെർലിൻ കുഞ്ഞനന്തന്റെ പുസ്തകം കൂടി വായിക്കണം. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫിസിലിരിക്കുന്ന പലരെയും കുറിച്ച് അതിൽ പറയുന്നുണ്ട്” -വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.