കോർപറേറ്റുകൾക്ക് മത്സ്യത്തൊഴിലാളികളെ തീറെഴുതിയത് പ്രതിപക്ഷ നേതാവിന്‍റെ പാർട്ടിയാണ്- മുഖ്യമന്ത്രി

തിരുവനന്തപുരം: ഇ.എം.സി.സി വിവാദത്തിൽ ചെന്നിത്തലക്ക് മുഖ്യമന്ത്രിയുടെ മറുപടി. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ല. ധാരണാപത്രത്തെ കരാറായി വ്യാഖ്യാനിക്കുകയാണ്. മത്സ്യബന്ധന നയം കൃത്യമായി നടപ്പാക്കുന്ന സർക്കാരാണിത്. മഹാകാര്യം എന്ന മട്ടിലാണ് പ്രതിപക്ഷ നേതാവ് ഈ കാര്യങ്ങൾ ആരോപിക്കുന്നത്. കുപ്രചരണത്തിലൂടെ മത്സ്യത്തൊഴിലാളികളെ സർക്കാരിനെതിരാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോര്‍പ്പറേറ്റുകൾക്ക് മത്സ്യതൊഴിലാളികളെ തീറെഴുതുന്ന നയം കൊണ്ടുവന്നത് പ്രതിപക്ഷ നേതാവിന്‍റെ പാർട്ടിയാണ്. ആഴക്കടൽ മത്സ്യബന്ധന നയം കൊണ്ടുവന്നത് നരസിംഹറാവു സർക്കാരിന്‍റെ കാലത്താണ്. അതിനെതിരെ പോരാടിയവരാണ് ഈ സർക്കാരിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിന്‍റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഒരു പൊതുമേഖലാ സ്ഥാപനമാണ്. സർക്കാരോ വകുപ്പോ ഒരു എംഒയു ഒപ്പിട്ടിട്ടില്ല. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം ഒപ്പിട്ടിട്ടുണ്ടെങ്കിൽ അത് പിന്നീടാണ് സർക്കാറിന്‍റെ പരിഗണനക്ക് വരിക. അപ്പോൾ നയപരവും നിയമപരവുമായി പരിശോധന നടത്തി അതിനനുസരിച്ചുള്ള തീരുമാനമാണ് എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യബന്ധനത്തിന് പോകാൻ തയ്യാറാകുന്ന തൊഴിലാളികളെ ആഴക്കടൽ യാനങ്ങളുടെ ഉടമകളാക്കുന്ന നയമാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യം. മത്സ്യത്തൊഴിലാളികൾക്ക് എതിരാണെന്ന പുകമറ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - CM's reply to Chennithala in EMCC controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.