കൊച്ചി: കപ്പൽശാലയിൽ ഉണ്ടായ ദുരന്തം നഗരത്തെ മണിക്കൂറുകളോളം ആശങ്കയുടെ മുൾമുനയിലാക്കി. അപകടത്തെക്കുറിച്ചും മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കാതിരുന്നതാണ് ആശങ്കക്കും അനിശ്ചിതത്വത്തിനും വഴിവെച്ചത്.
രാവിലെ 9.15ഒാടെ ഉണ്ടായ അപകടത്തിൽ രണ്ട് മരണമെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് രണ്ട് മലയാളികൾ അടക്കം നാലുപേർ മരിച്ചെന്നായിരുന്നു വിവരം. ഉച്ചക്ക് 12ഒാടെയാണ് അഞ്ചുപേർ മരിച്ചതായി സ്ഥിരീകരിച്ചത്. അപ്പോഴും അപകടസ്ഥലത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായും മരണസംഖ്യ ഉയർന്നേക്കുമെന്നും അഭ്യൂഹം പരന്നു.
പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടായി. രാവിലെ വിവരം അറിഞ്ഞതുമുതൽ മാധ്യമപ്രവർത്തകരും പരിസരത്തുള്ളവരും കപ്പൽശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ തടിച്ചുകൂടി. പൊലീസിെൻറയും അഗ്നിശമനസേനയുടെയും വാഹനങ്ങൾ കപ്പൽശാലക്കുള്ളിലേക്ക് വന്നും പോയുമിരുന്നു. എന്നാൽ, അപകടത്തെക്കുറിച്ചോ മരണപ്പെട്ടവരെക്കുറിച്ചോ ആധികാരിക വിവരങ്ങൾ നൽകാൻ കപ്പൽശാല അധികൃതർ തയാറായില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കി. ഇതിനിടെ, അപകടസ്ഥലം സന്ദർശിച്ച് പുറത്തുവന്ന സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശാണ് സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത്.
അഞ്ചുപേർ മരിച്ചതായും രക്ഷാപ്രവർത്തനം പൂർത്തിയായതായും അദ്ദേഹം സ്ഥിരീകരിച്ചു. ആദ്യമണിക്കുറുകളിൽ ആശുപത്രിയിൽനിന്ന് വിവരങ്ങൾ ലഭിച്ചില്ല. വൈകീട്ട് മൂേന്നാടെയാണ് കപ്പൽശാല ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ വാർത്തസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചത്. അപ്പോഴും അപകടകാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാൻ അധികൃതർക്കായില്ല. അന്വേഷണം പൂർത്തിയായാലേ കൃത്യമായി പറയാനാകൂ എന്നായിരുന്നു വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.