സർക്കാർ ജോലിയിലെ സമുദായ പ്രാതിനിധ്യം: അടിയന്തര പരിഹാരം വേണമെന്ന് ഐ.എൻ.എൽ

കോഴിക്കോട്: ഭരണഘടനാനുസൃതമായ സംവരണം നിലനിൽക്കെ തന്നെ കേരളത്തിൽ സർക്കാർ ജോലികളിലെ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിതാപകരമാം വിധം കുറവാണെന്ന ഔദ്യോഗിക കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് ഐ.എൻ.എൽ. വിഷയത്തിൽ അടിയന്തര പരിഹാര നടപടികൾ ആവശ്യമാണെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയിൽ വെളിപ്പെടുത്തിയ സംസ്ഥാന ജീവനക്കാരുടെ സാമുദായിക പ്രാതിനിധ്യം വിശദീകരിക്കുന്ന കേരള സ്റ്റേറ്റ് കമീഷൻ ഫോർ ബാക്‍വാർഡ് ക്ലാസസിന്റെ റിപ്പോർട്ട് സർക്കാറിന്റെയും ബന്ധപ്പെട്ടവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. സർക്കാർ ഉദ്യോഗങ്ങളുടെ സിംഹഭാഗവും മുന്നാക്ക വിഭാഗങ്ങൾ കുത്തകയാക്കിവെച്ചിരിക്കയാണ്. 27 ശതമാനത്തോളം വരുന്ന മുസ്‍ലിംകളുടെ ഉദ്യോഗ പ്രാതിനിധ്യം കേവലം 13.51 ശതമാനമാണ്. ലത്തീൻ കത്തോലിക്കരുടേത് 4.15 ശതമാനവും. ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിന്റെ കണക്കെടുക്കുമ്പോൾ ഈ വിഷയത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് മുസ്‍ലിംകളാണ്.

വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പുണ്ടായിട്ടും സർക്കാർ ഉദ്യോഗ തലത്തിൽ കാര്യമായ മേൽഗതി ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവുമൊടുവിലത്തെ സ്ഥിതിവിവരക്കണക്കും വ്യക്തമാക്കുന്നത്. ഇത്തരം വിഷയങ്ങളിൽ രാജ്യത്തിനു തന്നെ മാതൃകയാവേണ്ട കേരളത്തിന് സാമൂഹിക അസന്തുലിതത്തിന്റെ ഭാണ്ഡവും പേറി ഇനിയും മുന്നോട്ട് പോവാനാവില്ലെന്നും ദീർഘവീക്ഷണത്തോടെ പരിഹാര മാർഗങ്ങൾ കാണേണ്ടതുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും വാർത്താകുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - Community representation in government jobs: INL calls for urgent solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.