ഉപലോകയുക്തമാർ ഹരജിയിൽ വിധിന്യായം പുറപ്പെടുവിക്കുന്നത് വിലക്കണമെന്ന് ഗവർണർക്കും ലോകായുക്തക്കും പരാതി

തിരുവനന്തപുരം : ഉന്നത നീതിപീഠത്തിന്റെ ഔന്ന്യത്യവും ധാർമ്മികതയും പുലർത്താത്ത ഉപലോകയുക്തമാർ ഹരജിയിൽ വിധിന്യായം പുറപ്പെടുവിക്കുന്നത് വിലക്കണമെന്ന് ഗവർണർക്കും ലോകായുക്തക്കും ഹരജിക്കാരന്റെ പരാതി. ഉപ ലോകായുക്തമാരായ ജസ്റ്റിസ്. ബാബു മാത്യു പി. ജോസഫ്, ജസ്റ്റിസ് ഹരുൺ അൽ റഷിദ്‌ എന്നിവർ ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ച് ദുരിതാശ്വാസ നിധി കേസിൽ വിധിന്യായം പുറപ്പെടുവിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ ആർ.എസ് ശശികുമാർ പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രാഷ്ട്രീയ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മകന് അസിസ്റ്റന്റ് എഞ്ചിനീയർ ജോലിക്ക് പുറമെ വാഹനവായ്പക്കും സ്വർണപണയം മടക്കി കിട്ടുന്നതിനും ചട്ടവിരുദ്ധമായി എട്ടരലക്ഷം രൂപ മുൻ ചെങ്ങന്നൂർ എം.എൽ.എ കെ.കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് അനുവദിച്ചുവെന്നാണ് ലോകയുക്തയിൽ ഫയൽചെയ്ത ഹരജിയിലെ ആരോപണം.

സി.പി.എം നേതാവിന്റെ ജീവചരിത്രം പ്രകാശനം ചെയ്തതും ഉപലോകയുക്ത ജസ്റ്റിസ് ബാബു മാത്യു പി. ജോസഫാണെന്ന് പരാതിയിൽ ശശികുമാർ ചൂണ്ടിക്കാട്ടി. ജീവചരിത്രസ്മരണികയിൽ ഇദ്ദേഹത്തിന്റെയും ഹരജിയിൽ വാദം കേട്ട മറ്റൊരു ഉപലോകാ യുക്തയായ ജസ്റ്റിസ് ഹരുൺ അൽ റഷിദിന്റെയും ഓർമ്മ കുറിപ്പുകളും ചേർത്തു. ചെങ്ങന്നൂർ ബാർ അസോസിയേഷൻ ഹാളിലാണ് സി.പി.എം നേതാവിന്റെ ജീവചരിത്ര പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.

ജീവചരിത്രം പ്രകാശനം ചെയ്ത ഉപലോകയുക്തകൂടി ഉൾപ്പെട്ട മൂന്ന് അംഗ ബഞ്ചിന്റെ പരിഗണനക്ക് ദുരിതാശ്വാസ ദുരുപയോഗഹരജി വിട്ടത്, സത്യസന്ധതയും ധാർമ്മികതയും പുലർത്തേണ്ട നീതിന്യായ വ്യവസ്ഥിതിയെ അവഹേളിക്കുന്നതിന് സമാനമാണെന്ന് ഹർജ്ജിക്കാരൻ പരാതിയിൽ പറയുന്നു. ന്യായാധിപൻമാർ ഇത്തരം സന്ദർഭങ്ങളിൽ ഹർജ്ജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് സ്വയം മാറി നിന്ന് തന്റെ ധാർമ്മികത പരസ്യമാക്കുകയാണ് വേണ്ടത്.

കേസ് തുടർവാദത്തിന് അയൽ സംസ്ഥാനത്തെ ലോകായുക്തക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരൻ ലോകയുക്തയുടെ നിയമന അധികാരി കൂടിയായ ഗവർണർക്ക് പരാതി നൽകി. ലോകയുക്തക്ക് ഇത് സംബന്ധിച്ച് പ്രത്യേക പരാതി നൽകുമെന്നും ഹരജിക്കാരൻ അറിയിച്ചു.

അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 25 ലക്ഷം രൂപയും, ചെങ്ങന്നൂർ എം.എൽ.എ ആയിരുന്ന സി.പി.എം നേതാവ് കെ. കെ. രാമചന്ദ്രൻ നായരുടെ കുടുംബത്തിന് വായ്പതുകയുടെ തിരിച്ചടവിന് എട്ടര ലക്ഷം രൂപയും, സി.പി.എംനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്തരിച്ച എസ്കോർട്ട് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ചട്ടവിരുദ്ധമായി അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു ഹരജി.

കഴിഞ്ഞ ഓഗസ്റ്റ് 11 ന് അവസാന വാദം കേട്ട ലോകായുക്തയുടെ മൂന്ന് അംഗബെഞ്ച് ഹർജ്ജി വിധി പറയുന്നതിന് മാറ്റിയിരിക്കുകയാണ്.

Tags:    
News Summary - Complaint to the Governor and the Lokayukta to prohibit the Upalokayuktas from passing judgment on the petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.