തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലെ ഇൻറലിജൻസ് വീഴ്ചക്ക് ഇന്ദിര ഗാന്ധിയുടെ കൊലപാതകം പരിചയാക്കി സി.പി.എം ജില്ലസമ്മേളന പ്രതിനിധികൾക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. ആറ്റിങ്ങലിൽ പിഞ്ചുകുഞ്ഞിനെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസുകാരിക്കെതിരെ ഉടൻ നടപടിയെടുക്കാതിരുന്നത് ആറ്റിങ്ങൽ ഉൾപ്പെടെ ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയുടെ അവസാന ദിവസമായ ശനിയാഴ്ച രൂക്ഷമായി വിമർശിച്ചു.
പൊലീസിനും ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ പ്രതിനിധി ചർച്ചയുടെ രണ്ട് ദിവസങ്ങളിലും രൂക്ഷവിമർശനമുയർന്നു. ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന ഇൻറലിജൻസ് പരാജയപ്പെട്ടെന്ന് പ്രതിനിധികൾ വിമർശിച്ചു.
പൊലീസിന്റെ പരാജയത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇരട്ടക്കൊലപാതകമെന്നും വിമർശനം ഉയർന്നു. മറുപടി പ്രസംഗത്തിലാണ് കോടിയേരി ബാലകൃഷ്ണൻ, ഇന്ദിര ഗാന്ധിയെ സ്വന്തം അംഗരക്ഷകർ വെടിവെച്ച് കൊലപ്പെടുത്തിയത് പരാമർശിച്ചത്. അന്നത് ആർക്കെങ്കിലും നേരത്തേ അറിയാനായോയെന്ന് ചോദിച്ച കോടിയേരി ഇന്‍റലിജൻസ് പരാജയമെന്ന ആരോപണത്തെ പാടേ തള്ളി.
ആറ്റിങ്ങലിൽ കുട്ടിയെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച കേസിൽ, ഇടതുഭരണത്തിലെ പൊലീസിൽനിന്ന് ഇങ്ങനെയൊരു സന്ദേശമല്ല പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു. ഉടൻ ആ പൊലീസുകാരിയെ സസ്പെൻഡ് ചെയ്തിരുന്നെങ്കിൽ അതൊരു നല്ല സന്ദേശമാകുമായിരുന്നു. പ്രശ്നവും പരിഹരിക്കപ്പെട്ടേനെ.
അത് ചെയ്യാതിരുന്നപ്പോൾ കോടതിയുടെ മുന്നിലേക്ക് വരെ കേസ് വലിച്ചിഴക്കപ്പെട്ട് വലിയ നാണക്കേടുണ്ടായെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫിസ് തീർത്തും ജനസൗഹൃദമല്ലാതായി.
പരാതികളുന്നയിച്ചാൽ മറുപടി പോലുമില്ല. എം.വി. ജയരാജൻ ആ ഓഫിസിലുണ്ടായിരുന്നപ്പോൾ മാത്രമാണ് പാർട്ടിപ്രവർത്തകർക്കും പൊതുജനങ്ങൾക്കും അവിടെ പ്രാപ്യമാകുന്ന നിലയുണ്ടായത്. പൊലീസും നന്നായി പ്രവർത്തിച്ചത് അപ്പോഴായിരുന്നു.
ആർ.എസ്.എസ് ഗ്യാങ് പൊലീസിനെ നിയന്ത്രിക്കുന്ന സാഹചര്യം മാറിയിട്ടില്ലെന്നും വിമർശനമുയർന്നു. പൊലീസ് ബോധപൂർവം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുമുണ്ടാകുമെന്നായിരുന്നു കോടിയേരിയുടെ മറുപടി. 50000 പേരുള്ള പൊലീസ് സേനയിൽ എല്ലാവരും ഏതുതരക്കാരാണെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. പരമാവധി പൊതുജനങ്ങൾക്ക് നീതി ഉറപ്പാക്കാനാവശ്യമായ ഇടപെടൽ പൊലീസിൽ നിന്നുണ്ടാകുമെന്ന ഉറപ്പും കോടിയേരി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.