Representational Image

കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ: തലശ്ശേരിയിൽ ബസ് തടഞ്ഞ് പ്രതിഷേധവുമായി ജീവനക്കാർ

തലശ്ശേരി: ബസ് യാത്രക്കിടെ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് കണ്ടക്ടറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ബസ് തടഞ്ഞ് ജീവനക്കാരുടെ മിന്നൽ സമരം. കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന സീന ബസ് കണ്ടക്ടർ ചക്കരക്കല്ല് മൗവഞ്ചേരി എക്കാലിൽ സത്യാനന്ദനെയാണ് (59) പോക്സോ വകുപ്പ് പ്രകാരം ചൊക്ലി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ഇന്ന് രാവിലെ മുതൽ തലശ്ശേരിയിൽ സമരം നടക്കുകയാണ്.

തലശേരിയിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, കൂത്തുപറമ്പ്, പെരിങ്ങത്തൂർ, പാനൂർ ഭാഗങ്ങളിലേക്ക് ബസുകൾ പോകാനോ വരാനോ സമരക്കാർ സമ്മതിക്കുന്നില്ല. ഇതോടെ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി.

കഴിഞ്ഞ 26 മുതൽ സത്യാനന്ദൻ ബസിൽ യാത്ര ചെയ്യുന്ന എട്ട്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനം സഹിക്കവയ്യാതായപ്പോൾ വിദ്യാർഥിനികൾ സ്കൂൾ പ്രധാനാധ്യാപകനോട് പരാതി പറയുകയായിരുന്നു. പ്രധാനാധ്യാപകൻ ചൊക്ലി പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടികളിൽ നിന്ന് മൊഴിയെടുത്തു.

രണ്ട് വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ അറസ്റ്റുചെയ്തത്. പത്തിലധികം വിദ്യാർഥികളെ ഇയാൾ പീഡിപ്പിച്ചതായി ചൊക്ലി പൊലീസിൽ പരാതി ലഭിച്ചതായി അറിയുന്നു. പരാതിയുള്ള കുട്ടികളിൽ നിന്ന് അടുത്ത ദിവസം തന്നെ പൊലീസ് മൊഴിയെടുക്കും. വർഷങ്ങളായി കണ്ടക്ടർ ജോലി ഉപേക്ഷിച്ച് മറ്റു ജോലി ചെയ്തിരുന്ന പ്രതി കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുമ്പാണ് തിരിച്ച് കണ്ടക്ടർ ജോലിയിലെത്തിയത്.

Tags:    
News Summary - Conductor arrested in POCSO case: Employees protest by blocking bus in Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT