കിളിമാനൂർ: തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്തത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഡി.വൈ.എഫ്.ഐ, ആർ.എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടി; ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ആർ.എസ്.എസ് പ്രവർത്തകനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ പുളിമാത്ത് മേഖല കമ്മിറ്റിയംഗവും സി.പി.എം ബ്രാഞ്ചംഗവുമായ പയറ്റിങ്ങാക്കുഴി കമുകിൻകുഴി പുതുവൽവിള പുത്തൻ വീട്ടിൽ സുജിത്തിനാണ് (24) വെട്ടേറ്റത്. സംഭവത്തിൽ ഒന്നാം പ്രതി ആർ.എസ്.എസ് പ്രവർത്തകൻ പയറ്റിങ്ങാക്കുഴി എ.ജെ ഹൗസിൽ രതീഷിനെ (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവത്തിെൻറ തുടക്കം. വീടിനടുത്തുള്ള ക്ലബിൽ പോയി വരികയായിരുന്ന സുജിത്ത്, വി. ജോയിയുടെ പ്രചാരണസാമഗ്രികൾ ആർ.എസ്.എസ് പ്രവർത്തകർ നശിപ്പിക്കുന്നത് കാണുകയും ചോദ്യം ചെയ്യുകയുമായിരുന്നെന്നാണ് പരാതി.
എന്നാൽ, തന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നെന്ന് രതീഷും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആർ.എസ്.എസ് സംഘം സുജിത്തിെൻറ വീട്ടിലെത്തി വാതിലിൽമുട്ടി പേര് വിളിച്ചു. കതക് തുറന്ന് പുറത്തിറങ്ങിയ സുജിത്തിനെ ആക്രമിക്കുകയായിരുന്നത്രെ.
കത്തി, മൺവെട്ടി, ഇരുമ്പുകമ്പി എന്നിവ കൊണ്ടായിരുന്നു അക്രമമെന്ന് സുജിത് പറഞ്ഞു. കമ്പികൊണ്ടുള്ള അടിയിൽ തലക്ക് ഗുരുതര പരിക്കേറ്റു. കൈയിൽ കത്തികൊണ്ടുള്ള മുറിവും പറ്റിയിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ മാത്തപ്പൻ എന്ന ശശിയും മറ്റ് രണ്ടു പേരും ഒളിവിലാണ്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ സുജിത്തിനെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
തെരഞ്ഞെടുപ്പിെൻറ മറവിൽ പ്രദേശത്ത് ആസൂത്രിത സംഘർഷമുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമം നടത്തുകയാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവമറിഞ്ഞ് ബി.ജെ.പി ആറ്റിങ്ങൽ സ്ഥാനാർഥി വി. മുരളീധരൻ സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.