കോഴിക്കോട്: മറ്റിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിട്ടും ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ യു.ഡി.എഫ് ആകെ മൊത്തം 'കൺഫ്യൂഷനിൽ'.
പേരാമ്പ്ര, വടകര, എലത്തൂർ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച അനിശ്ചിതത്വമാണ് പ്രതിസന്ധിയായത്. പല മണ്ഡലങ്ങളിലും സ്ഥാനാർഥികൾ പ്രമുഖരുടെ അനുഗ്രഹംതേടലും ആദ്യഘട്ട പര്യടനവും പൂർത്തിയാക്കി നാമനിർദേശപത്രിക നൽകുന്ന ഘട്ടംവരെ എത്തിയിട്ടുണ്ട്. വടകരയിൽ ആർ.എം.പി.ഐ സ്ഥാനാർഥിയായി കെ.കെ. രമ വന്നാൽ പിന്തുണക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, രമയല്ലെങ്കിൽ പിന്തുണക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതോടെ യു.ഡി.എഫ് പ്രവർത്തകരും അങ്കലാപ്പിലാണ്. സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി വേണമെന്ന ആവശ്യവും ഇതിനകം മണ്ഡലത്തിൽനിന്ന് ഉയർന്നിട്ടുണ്ട്.
ചൊവ്വാഴ്ച ആർ.എം.പി.ഐ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച എൽ.െജ.ഡിയിലെ മനയത്ത് ചന്ദ്രനാണ് ഇത്തവണത്തെ വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി.
പേരാമ്പ്ര സീറ്റ് യു.ഡി.എഫ് മുസ്ലിം ലീഗിന് കൈമാറിയെങ്കിലും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലത്തിലെ പ്രവാസി വ്യവസായി സി.എച്ച്. ഇബ്രാഹീം സ്ഥാനാർഥിയാവുമെന്ന് ചർച്ചകൾ ഉയർന്നെങ്കിലും ഇതിനെതിരെ ലീഗ് അണികളിലും പ്രതിഷേധം ശക്തമാണ്. മാത്രമല്ല ജില്ല, നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വങ്ങളുടെ തെറ്റായ നിലപാടുകൾ തിരുത്താത്തപക്ഷം തെരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ നിർത്തുമെന്ന് പേരാമ്പ്രയിലെ 'കോൺഗ്രസ് കൂട്ടായ്മ'യും പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
40 വർഷമായി കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയുണ്ടാവുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ സീറ്റ്, ആവശ്യപ്പെടാതെതന്നെ മുസ്ലിം ലീഗിന് കൈമാറിയെന്നാണ് പ്രതിേഷധക്കാരുടെ പരാതി. പേരാമ്പ്ര സീറ്റ് കോൺഗ്രസിന് വേണമെന്ന് ആവശ്യപ്പെടാൻ മണ്ഡലം കമ്മിറ്റി തയാറാവാത്തതിൽ അമർഷം ശക്തമാണ്. മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി.
എൽ.ഡി.എഫിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂർ സീറ്റ് യു.ഡി.എഫ് മാണി സി. കാപ്പെൻറ നാഷനൽ കോൺഗ്രസ് കേരളക്കാണ് നൽകിയത്. അവർ സ്ഥാനാർഥിയായി പാർട്ടി സംസ്ഥാന ൈവസ് പ്രസിഡൻറ് സുൽഫിക്കർ മയൂരിയെ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും എലത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ഇദ്ദേഹത്തെ അംഗീകരിക്കാൻ തയാറായിട്ടില്ല.
സീറ്റ് പാർട്ടി ഏറ്റെടുക്കണമെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസുകാർ. കഴിഞ്ഞ ദിവസം ചേളന്നൂർ എട്ടേരണ്ടിൽ നേതാക്കളും പ്രവർത്തകരും ഇക്കാര്യമുന്നയിച്ച് ബഹുജന റാലിയും നടത്തി.
മണ്ഡലത്തിലെ െക.പി.സി.സി അംഗവും ഡി.സി.സി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സുൽഫിക്കറിെൻറ തെരഞ്ഞെടുപ്പ് പര്യടനവും പ്രതിസന്ധിയിലാണ്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നില്ലെങ്കിൽ ഡി.സി.സി ഭാരവാഹിയെ പൊതു സ്ഥാനാർഥിയാക്കാനും പ്രതിഷേധക്കാർ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.