തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ ഭരണ പരാജയങ്ങള്‍ക്കും ജനദ്രോഹത്തിനുമെതിരെ 'പൗരവിചാരണ' എന്ന പേരില്‍ കെ.പി.സി.സി ആഹ്വാന പ്രകാരം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് നാളെ (നവംബര്‍ 3) തുടക്കമാകും. ആദ്യ ഘട്ടമായി വ്യാഴാഴ്ച രാവിലെ 10ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കുമാണ് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.
സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വാഹന പ്രചരണ ജാഥകള്‍ നവംബര്‍ 20 മുതല്‍ 30 വരെയുള്ള തീയതികളില്‍ സംഘടിപ്പിക്കും. ഡിസംബര്‍ രണ്ടാം വാരത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന 'സെക്രട്ടേറിയറ്റ് വളയല്‍' സമരം മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.