കോൺഗ്രസിന് ഇടത് ചിന്ത

കോഴിക്കോട്: വലതുപക്ഷമെന്ന വിളിപ്പേരു മാറ്റി ഇടതുമന്ത്രം ഉരുവിടാനൊരുങ്ങി സംസ്ഥാനത്തെ കോൺഗ്രസ്. കെ.പി.സി.സി കോഴിക്കോട്ട് നടത്തിയ ചിന്തൻ ശിബിരത്തിൽ ഇടത് ആശയങ്ങളിലേക്കുള്ള ചായ്വ് കോൺഗ്രസ് പ്രകടമാക്കിയത് നിലപാട് മാറ്റത്തിന്‍റെ അടയാളമാണ്. സംസ്ഥാനത്ത് യഥാർഥ ഇടതുസ്വഭാവമുള്ളത് കോൺഗ്രസിനാണെന്നാണ് നേതാക്കൾ അവകാശപ്പെട്ടത്. ചിന്തൻ ശിബിരത്തിന്‍റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മുതൽ അവസാന ദിനത്തിലെ നയപ്രഖ്യാപനത്തിൽ വരെ യഥാർഥ ഇടതുപക്ഷം കോൺഗ്രസാണെന്ന വർത്തമാനം തുടർന്നു. കേരളം ഭരിക്കുന്നത് തീവ്ര വലതുപക്ഷ ആശയക്കാരാണെന്നും ഇടതുമുഖംമൂടി ഘട്ടംഘട്ടമായി അഴിഞ്ഞുവീഴുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുൾപ്പെടെയുള്ളവരുടെ അഭിപ്രായം. യു.ഡി.എഫ് വിപുലീകരിക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചതിനൊപ്പമാണ് ഈ അവകാശവാദം. വിദൂര ഭാവിയിൽ സി.പി.ഐ പോലുള്ള കക്ഷികൾ എൽ.ഡി.എഫ് വിട്ടുവന്നാൽ ഇടതുമുഖം ഗുണകരമാകുമെന്ന് കോൺഗ്രസ് കരുതുന്നു. ഹൈകമാൻഡിന്‍റെ പൂർണ പിന്തുണയോടെയാണ് സംസ്ഥാനത്ത് പ്രവർത്തനത്തിൽ മാറ്റം വരുത്താൻ ചിന്തൻ ശിബിരത്തിൽ തീരുമാനമായത്. ഇടതുപക്ഷത്തിന്‍റെ ആശയങ്ങൾ കടംകൊള്ളുന്നുവെന്ന് പുറത്തുപറയുന്നുമില്ല.

യഥാർഥ സോഷ്യലിസത്തിന്‍റെ വക്താവായിരുന്ന ജവഹർലാൽ നെഹ്റുവിന്‍റെ പാത പിന്തുടരുന്ന കോൺഗ്രസിന്‍റെ ആശയങ്ങൾ എക്കാലത്തും പാവങ്ങൾക്കൊപ്പമായിരുന്നെന്നും ഇടതുപക്ഷം പിന്നീട് ഇവയെല്ലാം ഹൈജാക്ക് ചെയ്തെന്നും ചിന്തൻശിബിരത്തിൽ ചർച്ചയുയർന്നു. സംസ്ഥാന സർക്കാറിന്‍റെ പ്രവർത്തനങ്ങൾ താരതമ്യം ചെയ്താണ് തങ്ങൾക്കാണ് ഇടതുചിന്തയുള്ളതെന്നാണ് കോൺഗ്രസ് കരുതുന്നത്. രണ്ടാം പിണറായി സർക്കാർ ജനവിരുദ്ധപ്രവർത്തനങ്ങളാണ് നടത്തുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങൾ സി.പി.എം സർക്കാർ കൈവിട്ടെന്നും പാർട്ടി വിലയിരുത്തി. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ കമ്മിറ്റികളിൽ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ.സി.സി) സ്ഥാപിക്കുമെന്ന ചരിത്ര പ്രഖ്യാപനത്തോടെ മറ്റു പാർട്ടികളെയെല്ലാം കോൺഗ്രസ് കടത്തിവെട്ടി. രാജ്യത്തുതന്നെ ആദ്യമായാണ് രാഷ്ട്രീയപാർട്ടിയിൽ നിർബന്ധിത ഐ.സി.സി നിലവിൽ വരുന്നത്. രാഷ്ട്രീയ വിദ്യാഭ്യാസത്തിനും സാമൂഹിക അവബോധത്തിനും പാഠ്യപദ്ധതി തയാറാക്കുന്നതും. 

Tags:    
News Summary - Congress has left thinking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.