കോഴിക്കോട്: , ഇൻഡ്യ സഖ്യത്തിന്റെ ആത്മാവ് ഉൾക്കൊള്ളാൻ കോൺഗ്രസ് തയാറായിട്ടില്ലെന്ന് സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം എം.പി. കർണാടകയിൽ ജയിച്ചപ്പോഴുണ്ടായ കോൺഗ്രസിന്റെ അഹങ്കാരമാണ് പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ക്ഷീണമായത്. രാഹുൽ ഗാന്ധി ഉത്തരേന്ത്യവിട്ട് കേരളത്തിൽ മത്സരിക്കണമെന്ന് പറയുന്നതിലൂടെ എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്നും കാലിക്കറ്റ് പ്രസ് ക്ലബിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ ബിനോയ് വിശ്വം ചോദിച്ചു.
പള്ളിപൊളിച്ച് പണിത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നത് സംബന്ധിച്ച കോൺഗ്രസ് നിലപാടിൽ മുസ്ലിം ലീഗ് നയം വ്യക്തമാക്കണം. തൃശൂരിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന ടി.എൻ. പ്രതാപന്റെ പ്രസ്താവന അങ്കലാപ്പിൽനിന്ന് ഉണ്ടായതാണ്. തൃശൂരിൽ പ്രധാനമന്ത്രി മോദി നൽകിയ ഗ്യാരണ്ടി ചത്തുപോയ അദ്ദേഹത്തിന്റെ മറ്റു ഗ്യാരണ്ടികൾപോലെയാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന് നവകേരള സദസ്സിൽ മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ട വേദിയിൽ ഉന്നയിക്കും. സമരങ്ങളോട് നിഷേധാത്മക സമീപനം പാടില്ലെന്നതാണ് നയമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ പ്രസ്ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എസ്. രാഗേഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.