കോഴിക്കോട്: പാലാ ബിഷപ്പിെൻറ വിവാദ പരാമർശം സർക്കാർ കൈകാര്യം ചെയ്തത് വിവാദമായതിനിടയിൽ കെ.പി.സി.സി നേതാക്കൾ മതനേതാക്കളുമായി മാരത്തൺ കൂടിക്കാഴ്ച നടത്തി. മന്ത്രി വാസവൻ പാല ബിഷപ്പിനെ മാത്രം സന്ദർശിക്കുകയും വിഷയം കൂടുതൽ വഷളാവുകയും ചെയ്ത സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവർ മുസ്ലിം, ക്രിസ്ത്യൻ മതനേതാക്കളെ സന്ദർശിച്ചു .
സൗഹാർദാന്തരീക്ഷം സംരക്ഷിക്കാനുള്ള കോൺഗ്രസ് നീക്കത്തെ എല്ലാ സമുദായ നേതാക്കളും ഒരുപോലെ ശ്ലാഘിച്ചതായി സന്ദർശന ശേഷം ടി. സിദ്ദീഖ് 'മാധ്യമ'ത്തോടു പറഞ്ഞു. സൗഹാർദ ചർച്ചയിലേക്ക് വരാൻ എല്ലാ നേതാക്കളും സന്നദ്ധത അറിയിച്ചു. എന്തു വിലകൊടുത്തും വിഷയം രമ്യതയിൽ തീർക്കണമെന്നാണ് സമുദായ നേതാക്കളുടെ വികാരം. സർക്കാർ വിഷയം കൈകാര്യം ചെയ്ത രീതിയെ നേതാക്കൾ വിമർശിച്ചു.
ശനിയാഴ്ച രാത്രി താമരശ്ശേരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയേലുമായാണ് കോൺഗ്രസ് നേതാക്കൾ ആദ്യം കൂടിക്കാഴ്ച നടത്തിയത്. രാത്രി എട്ടരയോടെ ബിഷപ് ഹൗസിലെത്തി അര മണിക്കൂർ ചർച്ച നടത്തി. ഞായറാഴ്ച ഉച്ചക്ക് 12.30 നു സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങളെ കോഴിക്കോട്ട് ഫ്രാൻസിസ് റോഡിലെ സമസ്ത ആസ്ഥാനത്ത് സന്ദർശിച്ചു.
ഉച്ചക്ക് രണ്ടരയോടെ കോഴിക്കോട് െഗസ്റ്റ് ഹൗസിൽ ജമാഅത്തെ ഇസ്ലാമി നേതാക്കളായ പി. മുജീബ് റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വൈകീട്ട് കോഴിക്കോട് മുജാഹിദ് സെൻററിൽ കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, ൈവസ് പ്രസിഡൻറ് ഹുസൈൻ മടവൂർ, എം.വി. അബ്ദുഹ്മാൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടന്നു.
ശേഷം അഖിലേന്ത്യ ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ മർക്കസിൽ സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലുമായി മലാപ്പറമ്പിലെ ബിഷപ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. വൈകാതെ സൗഹാർദയോഗം വിളിച്ചു കൂട്ടുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഭാവിയിൽ മതസൗഹാർദ സംവാദവേദികൾ സംഘടിപ്പിക്കുന്നതിെൻറ തുടക്കം കൂടിയാവുമിതെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.