കൊച്ചി: നടി ആക്രമണ കേസിലെ മെമ്മറി കാർഡ് അനധികൃമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ വാദം കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പിന്മാറി. മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടിയാണ് ഹരജി നൽകിയത്.
കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നേരത്തേ നൽകിയ ഹരജിയിൽ ജില്ല സെഷൻസ് ജഡ്ജി അന്വേഷിക്കാൻ ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടിരുന്നു. തുടർന്ന് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് പരിശോധിച്ച് റിപ്പോർട്ട് നൽകി. ഇത് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും റദ്ദാക്കണമെന്നുമാണ് നടിയുടെ ആവശ്യം. പൊലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ട് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമ കേസുകളിലെ ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച ജസ്റ്റിസ് കെ. ബാബു, ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിക്കാൻ സർക്കാറിന് നിർദേശം നൽകിയിരുന്നു.
സർക്കുലറുമായി ബന്ധപ്പെട്ട ഉപഹരജി തീർപ്പാക്കിയശേഷം കോടതി പ്രധാന ഹരജി കേൾക്കുന്നതിൽനിന്ന് പിന്മാറി. തുടർന്നാണ് ചൊവ്വാഴ്ച ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ പരിഗണനക്കെത്തിയത്. എന്നാൽ, കാരണം പറയാതെ അദ്ദേഹവും പിന്മാറുകയായിരുന്നു. ഹരജി അടുത്ത ദിവസം ജസ്റ്റിസ് പി.ജി. അജിത്കുമാറിന്‍റെ ബെഞ്ചിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.