ദേശീയപാതയോരത്തെ കെട്ടിട നിർമാണം: നയം വ്യക്തമാക്കാതെ സർക്കാർ; വലഞ്ഞ് പാതയോരവാസികൾ

തൃശൂർ: ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുകൊടുത്തവർ ബാക്കി ഭൂമിയിൽ കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കാതെ വലയുന്നു. അനുമതി നൽകേണ്ട തദ്ദേശ വകുപ്പ് ഉത്തരവ് ഇറക്കാത്തതിനാൽ ഇവർ പെരുവഴിയിലാണ്. തദ്ദേശ സ്ഥാപനങ്ങളും ആക്ഷൻ കൗൺസിലുകളും വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ഭൂമി ഏറ്റെടുത്ത് തുടർ നടപടി പുരോഗമിക്കവേ പുനരധിവാസം പോലുമില്ലാതെ നട്ടം തിരിയുകയാണ് ഭൂമി വിട്ടുകൊടുത്തവർ.

ദേശീയപാതയോട് ചേർന്ന സ്ഥലങ്ങളിൽ കെട്ടിട നിർമാണത്തിന് ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതി വേണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയ ഉത്തരവ്. 2013 ജൂലെ 24ന് പുറത്തിറക്കിയ ഉത്തരവിൽ, നിർമിക്കുന്ന കെട്ടിടത്തിലേക്കുള്ള പ്രവേശനാനുമതി വാങ്ങണമെന്നുമുണ്ട്. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ സാങ്കേതിക വിഭാഗത്തിന്‍റെ പരിശോധന റിപ്പോർട്ടിന്മേൽ ദേശീയപാത അതോറിറ്റിയുടെ പ്രവേശനാനുമതി പത്രം ലഭിച്ചവർക്ക് മാത്രമേ കെട്ടിട നിർമാണ അനുമതി നൽകാവൂ എന്നാണ് സംസ്ഥാന തദ്ദേശ വകുപ്പ് അസി. എൻജിനീയറുടെ ഓഫിസിന്‍റെ നിർദേശം. ഏതെല്ലാം ഗണത്തിലുള്ള കെട്ടിടങ്ങൾക്ക് പ്രവേശനാനുമതി ബാധകമാണെന്ന് നിയമത്തിൽ വ്യക്തതയില്ല. ദേശീയപാത അതിർത്തിയിൽനിന്ന് വിവിധ ഗണത്തിലുള്ള കെട്ടിടത്തിലേക്ക് ആവശ്യമായ സെറ്റ് ബാക്ക് സംബന്ധിച്ച ഉത്തരവും ലഭ്യമല്ല. അതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കെട്ടിടനിർമാണ അനുമതി നൽകാനാവുന്നില്ല.

കേരളത്തിൽ ദേശീയപാത 66 ഉൾപ്പെടെ ഭൂരിഭാഗം ദേശീയപാതകളും 45 മീറ്ററിലാണ് വികസിപ്പിക്കുന്നത്. മണ്ണുത്തി-വടക്കഞ്ചേരി പാത 30 കിലോമീറ്ററിലും പാലിയേക്കര ടോൾപ്ലാസ മേഖലയിലും എറണാകുളം കണ്ടെയ്നർ റോഡിൽ ചിലയിടങ്ങളിലും മാത്രമാണ് 60 മീറ്ററിൽ വികസിപ്പിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ നിയമം അനുസരിച്ച് പാതയോരത്തുനിന്ന് ആറു മീറ്റർ മാറി മാത്രമേ നിർമാണാനുമതി നൽകാവൂ. റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുത്ത ശേഷം കുറഞ്ഞ സ്ഥലം മാത്രം ഉള്ളവർക്ക് തീർത്തും അപ്രായോഗികമാണ് ഈ വ്യവസ്ഥ. ദേശീയപാതയിലേക്ക് പ്രവേശനാനുമതി പത്രം നൽകാൻ കേന്ദ്ര സർക്കാർ സ്വകാര്യ കൺസൾട്ടൻസികളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. വീടുകൾക്ക് 10,000 രൂപ വരെയും വ്യാപാര സ്ഥാപനങ്ങൾക്ക് അവയുടെ മൂല്യം അനുസരിച്ച് ലക്ഷങ്ങളുമാണ് ഈടാക്കുന്നത്. അതേസമയം, കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സംസ്ഥാന സർക്കാറിന് നടപ്പാക്കാമെന്നിരിക്കെ സർക്കാറിന്‍റെ മൗനം പാതയോരവാസികളെ കുഴക്കുകയാണ്.

Tags:    
News Summary - Construction of buildings along the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.