തൃശൂർ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തിയ പരസ്യകമ്പനികൾക്കും കരാറുകാർക്കും പ്രിൻറിങ് സ്ഥാപനങ്ങൾക്കും തുക ലഭിച്ചില്ലെന്ന് പരാതി. ജില്ല നേതാക്കളുമായി പലതവണ ബന്ധപ്പെട്ടെങ്കിലും തുക ലഭിച്ചില്ലെന്നും നടപടിയുണ്ടാവണമെന്നുമാവശ്യപ്പെട്ട് കരാറുകാർ കേന്ദ്ര-സംസ്ഥാന നേതാക്കളെ സമീപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ വൻതോതിലാണ് കേരളത്തിലേക്ക് കേന്ദ്രനേതൃത്വം പണം നൽകിയത്. സുരേഷ്ഗോപി മത്സരിച്ച തൃശൂരിൽ ബി.ജെ.പി കേന്ദ്രനേതൃത്വം നേരിട്ടായിരുന്നു പണം അനുവദിച്ചിരുന്നത്. ചെലവ് പരിശോധിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും പ്രതിനിധികളെയും നിയോഗിച്ചിരുന്നു.
എന്നാൽ, അന്ന് 80 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നതായി നേതാക്കൾ പറയുേമ്പാൾ ഫലപ്രഖ്യാപനം കഴിഞ്ഞ് എല്ലാവരുടെയും കണക്കുകൾ അവസാനിപ്പിച്ചാണ് സുരേഷ്ഗോപി മടങ്ങിയതെന്നാണ് ഇദ്ദേഹത്തോടടുത്ത നേതാക്കൾ പറയുന്നത്. പണമായി നേരിട്ട് കൈയിൽ കിട്ടിയത് തൃശൂരിലെ വിവിധ ക്ഷേത്രങ്ങളിലേക്കാണ് നൽകിയതത്രെ. ബി.ജെ.പി നേതാവിെൻറ കൈവശമുള്ള സ്വകാര്യ ഹോട്ടലിൽ മൂന്നര ലക്ഷം രൂപ ഉൾപ്പെടെ അവസാനം നൽകിയെന്നും പറയുന്നു. എന്നാൽ, ബോർഡുകൾ അടക്കമുള്ളവ സ്ഥാപിച്ച വകയിൽ 30 ലക്ഷത്തോളം ലഭിക്കാനുണ്ടെന്ന് കാണിച്ചാണ് കരാറുകാർ നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. വിവരം കഴിഞ്ഞദിവസം സുരേഷ്ഗോപിയെയും അറിയിച്ചതായാണ് സൂചന.
നേരേത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയത് പാർട്ടിയിൽ വലിയ വിവാദത്തിനിടയാക്കിയിരുന്നു. സംസ്ഥാന ഭാരവാഹികളായിരുന്നു അന്ന് ആരോപണ നിഴലിൽ. ബി.ജെ.പി നേതാവ് തൃശൂരിലെ പ്രമുഖ ദേവസ്വത്തിെൻറ വസ്തു ഉപയോഗപ്പെടുത്തിയ ഇനത്തിൽ കോടികൾ ബാധ്യതയാക്കി കബളിപ്പിച്ചെന്ന ആക്ഷേപം നിലനിൽക്കെയാണ് പ്രചാരണത്തുക ലഭിച്ചില്ലെന്ന പരാതിയുമുയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.