തിരുവനന്തപുരം: കേരള സർവകലാശാലയിൽ സ്ഥിരം വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ചേർന്ന പ്രത്യേക സെനറ്റ് യോഗത്തിൽ അരങ്ങേറിയ സംഭവങ്ങൾ സംബന്ധിച്ച് വി.സി ചൊവ്വാഴ്ച ഗവർണർക്ക് റിപ്പോർട്ട് നൽകും. ഞായറാഴ്ച വി.സി രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. യോഗത്തിൽ വി.സിയെ മാറ്റി പ്രോ-ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചതും പ്രതിനിധിയെ തെരഞ്ഞെടുക്കാതെ, യോഗം മാറ്റിവെക്കാനുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കിയതുമുൾപ്പെടെ വിവരങ്ങൾ വി.സി. മോഹനൻ കുന്നുമ്മൽ ഗവർണറെ ധരിപ്പിച്ചിരുന്നു.
ഇതിനെ തുടർന്നാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വി.സിക്ക് നിർദേശം നൽകിയത്. വി.സിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം സെനറ്റ് യോഗ നടപടിയിൽ ഗവർണർ തീരുമാനമെടുക്കും. വി.സിയെ മാറ്റിനിർത്തി മന്ത്രി യോഗത്തിന്റെ അധ്യക്ഷപദവി ഏറ്റെടുത്തതിനെ ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ചയാൾ എന്ന നിലയിൽ മന്ത്രിയും രജിസ്ട്രാറും ഒപ്പിട്ട മിനിറ്റ്സാണ് കൈമാറിയത്. മന്ത്രിയുടെ നടപടിയെ ഗവർണർ തള്ളിയതിനാൽ സെനറ്റ് യോഗ നടപടിയും തള്ളുമെന്ന് ഏറക്കുറെ ഉറപ്പാണ്. പകരം ഗവർണർ എന്ത് നടപടി നിർദേശിക്കുമെന്നത് നിർണായകമാണ്.
വി.സിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരാൻ നിർദേശിക്കാനാണ് സാധ്യത. കഴിഞ്ഞ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ സെർച് കമ്മിറ്റിയിലേക്ക് നിർദേശിച്ച ഡോ.എം.സി. ദിലീപ്കുമാർ, ഗവർണർ നാമനിർദേശം ചെയ്ത ബി.ജെ.പി അംഗങ്ങൾ നിർദേശിച്ച ഡോ.എം.കെ.സി. നായർ എന്നിവരിൽ ഒരാളെ സെർച് കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നതിൽ നിയമപ്രശ്നമുടലെടുക്കും. സെനറ്റ് നിർദേശിക്കാത്തയാളെ സെനറ്റ് പ്രതിനിധിയായി ഗവർണർക്ക് ഉൾപ്പെടുത്താനാകില്ല. അതെസമയം, സെനറ്റ് തീരുമാനം തള്ളിയാൽ കോടതിയെ സമീപിക്കാനാണ് ഇടതുപക്ഷ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.